കീഴാറ്റൂര്‍ ബൈപാസ്: അലൈന്‍മെന്റ് മാറ്റുന്നതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ധാരണയിലെത്തുമെന്ന് കുമ്മനം

കുമ്മനം രാജശേഖരന്‍

കൊച്ചി: കീഴാറ്റൂര്‍ ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമല്ലെന്നും അതിജീവനത്തിന് വേണ്ടിയുള്ള ഒരു ഗ്രാമത്തിന്റെ പരിശ്രമമാണെന്നും പറഞ്ഞ കുമ്മനം, വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ നല്‍കി ഏപ്രില്‍ 2ന് ബിജെപിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കണ്ണൂര്‍ കീഴാറ്റൂരിലെ കര്‍ഷക സമരത്തിന് എല്ലാവിധ പിന്തുണയും ബിജെപി നല്‍കും. കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമല്ല, അതിജീവനത്തിന് വേണ്ടിയുള്ള ഒരു ഗ്രാമത്തിന്റെ പരിശ്രമമാണ്. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ നല്‍കി ഏപ്രില്‍ 2ന് ബിജെപിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടക്കും. മാര്‍ച്ച് 25,26 തീയതികളില്‍ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിനും ബിജെപിയുടെ പിന്തുണയുണ്ട്.

വയല്‍ക്കിളികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയതും ബിജെപിയാണ്. ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തും ഇതിനായി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി, പരിസ്ഥിതിമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

വിദേശത്തു വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കൂലി സൗജന്യമാക്കണമെന്ന നിവേദനം പ്രധാനമന്ത്രിക്ക് കൈമാറി. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. ഇതൊരു വലിയ മാനുഷിക പ്രശ്‌നമായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കി ഇടപെടലുകള്‍ ആരംഭിച്ചതായും മോദിജി അറിയിച്ചു. റബറിനെ കൃഷിവകുപ്പിന് കീഴിലേക്ക് മാറ്റുന്നതിലും കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top