824 കോടി രൂപ വായ്പ എടുത്ത് മുങ്ങി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് പരാതി നല്‍കി

പ്രതീകാത്മക ചിത്രം

ചെന്നൈ: നീരവ് മോദിക്കും വിക്രം കോത്താരിക്കും പിന്നാലെ ചെന്നൈയില്‍ നിന്നും 824 കോടിയോളം രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയതായി പരാതി. കനിഷ് ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡാണ് വായ്പ എടുത്ത് മുങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പ അനുവദിച്ചത്.

വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് എസ്ബിഐ കനിഷ് ഗോള്‍ഡിനെതിരെ സിബിഐക്ക് പരാതി നല്‍കി. കനിഷ് ഗോള്‍ഡ് ഡയറക്ടര്‍ ഭൂപേഷ് ജെയിനിന് എതിരെ സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ ഉള്‍പ്പടെ 14 ബാങ്കുകളില്‍ നിന്നുമാണ് ഭൂപേഷ് ജെയിന്‍ വായ്പ എടുത്തിരിക്കുന്നത്. 215 കോടി രൂപയാണ് എസ്ബിഐയില്‍ നിന്നും വായ്പ എടുത്തിരിക്കുന്നത്.

വ്യാജരേഖകള്‍ കാണിച്ചാണ് ഭൂപേഷ് ജെയിന്‍ വായ്പ എടുത്തതെന്നും എസ്ബിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ പണം തിരിച്ചടയ്ക്കാതെ ഷോറൂം പൂട്ടി സ്ഥലം വിട്ടതായും പരാതിയില്‍ പറയുന്നു. നിലവില്‍ ഭൂപേഷും ഭാര്യയും മൊറീഷ്യസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top