കീഴാറ്റൂര്‍ സമരം: പ്രദേശത്ത് സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ഫയല്‍ചിത്രം

കണ്ണൂര്‍: ബൈപാസിനെതിരെ സമരം നടക്കുന്ന കണ്ണൂര്‍ കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വയല്‍ക്കിളികളും സിപിഐഎമ്മും നേര്‍ക്കുനേര്‍ സമരവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയാണ് കീഴാറ്റൂരിലുള്ളത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

വയല്‍ക്കിളികളുടെ സമരത്തെ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കിയാണ് സിപിഐഎം  കഴിഞ്ഞദിവസം രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച കീഴാറ്റൂരിലേക്ക് സിപിഐഎം മാര്‍ച്ച് സംഘടിപ്പിക്കും. എംവി ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക.

പദ്ധതക്കായി ഭൂമി വിട്ടുകൊടുത്തവരും മാര്‍ച്ചില്‍ പങ്കെടുക്കും. 25ന് കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കുന്നതിന്റെ തലേദിവസമാണ് 3000ത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സിപിഐഎമ്മിന്റെ ബഹുജന പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം സമരം ശക്തമാക്കാനൊരുങ്ങുകയാണ് വയല്‍ക്കിളികള്‍. പരിസ്ഥിതി പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നും സമരത്തിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്.

സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്‌റെ നേതാക്കള്‍ കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു. വയല്‍ക്കിഴികള്‍ക്കെതിരെ സിപിഐഎം  കൂടി രംഗത്തെത്തുന്നതോടെ കീഴാറ്റൂര്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഈ മാസം 14 ന് കീഴാറ്റൂരിലെ വയലില്‍ സര്‍വേ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ വയല്‍ക്കിളികള്‍ തടഞ്ഞിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയായിരുന്നു ജാനകിയടക്കമുള്ള സമരക്കാര്‍ പ്രതിഷേധിച്ചത്. ഒടുവില്‍ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിന് പിന്നാലെ, വയലില്‍ സമരക്കാര്‍ കെട്ടിയിരുന്ന സമരപ്പന്തല്‍ സിപിഐഎമ്മുകാര്‍ കത്തിച്ചിരുന്നു. പൊലീസ് സാന്നിദ്ധ്യത്തിലായിരുന്നു പന്തല്‍ കത്തിച്ചത്.

DONT MISS
Top