കൊച്ചിയിലെ ക്രിക്കറ്റ് മത്സരത്തെ എതിര്‍ത്തില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ബ്ലാസ്റ്റേഴ്‌സ്

ഫയല്‍ ചിത്രം

കൊച്ചി: നവംബറില്‍ കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്‌സ് എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്‌മെന്റ്.

ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്ക അപ്പോള്‍ത്തന്നെ അറിയിച്ചതാണ്. ടീമിന്റെ സഹഉടമ സച്ചിന്‍ തന്നെ ഇക്കാര്യത്തിലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ടീം മാനേജ്‌മെന്റ് പറഞ്ഞു.

ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരത്തിന്റെ വേദി കൊച്ചിയിലാക്കാനുള്ള ആലോചന പുന:പരിശോധിയ്‌ക്കേണ്ടതാണെന്നും ടീം മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന് വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. കലൂരില്‍ ക്രിക്കറ്റ് നടത്തുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അതിന് ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും കെസിഎയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജിസിഡിഎ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടക്കണമെന്നാണ് ആഗ്രഹമെന്ന് കെസിഎയുടെയും കെഎഫ്എയുടെയും പ്രതിനിധികള്‍ വ്യക്തമാക്കി. ക്രിക്കറ്റിനായി പിച്ച് ഒരുക്കിയാലും 22 ദിവസത്തിനകം ഫുട്‌ബോളിനുള്ള ടര്‍ഫ് സജ്ജമാക്കാമെന്ന് കെസിഎ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ടര്‍ഫിന് തകരാര്‍ ഉണ്ടാകില്ലെങ്കില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ജിസിഡിഎ പറഞ്ഞു.

DONT MISS
Top