കബൂളില്‍ ചാവേറാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരുക്ക്

കബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കബൂളില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കറ്റു. പേര്‍ഷ്യന്‍ പുതുവത്സരാരംഭ ദിനമായ നവരുസ് ഹോളി ഡേ ആഘോഷത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

പടിഞ്ഞാറന്‍ കബൂളിലെ ഷിയ വിഭാഗത്തിന്റെ പള്ളിയായ കാര്‍ട്ട് ഇ സാഖിന് സമീപം ചാവേര്‍ ആക്രമണം നടന്നതായി ആഭ്യന്തരസഹമന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. നേരത്തെയും ഇവിടെ ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

നഗരത്തിലെ പ്രധാന സര്‍വകലാശാലയ്ക്ക് സമീപമാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയില്‍ നിന്നും ആളുകള്‍ പുറത്തേക്ക് വരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.

നേരത്തെ ജനുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ സുരക്ഷശക്തമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വാക്ക് പാലിക്കപ്പെട്ടില്ല എന്നതാണ് പുതിയ ആക്രമണം ചൂണ്ടിക്കാട്ടുന്നത്.

വളരെ പ്രാചീനമായ പേര്‍ഷ്യന്‍ പുതുവത്സരദിനാഘോഷം അഫ്ഗാനിസ്ഥാനിലെ എല്ലായിടവും ആഘോഷിക്കാറുണ്ട്. എന്നാല്‍ ചില മൗലികവാദികളായ മുസ്‌ലിം വിഭാഗം ഈ ആഘോഷത്തിന് എതിരാണ്. ഈ ആഘോഷം അനിസ്‌ലാമികമാണെന്നാണ് ഇവരുടെ വാദം.

DONT MISS
Top