രണ്ടാമൂഴത്തിന് മുന്‍പ് ആമീറിന്റെ മഹാഭാരതമോ? ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷ് അംബാനി

മുംബെെ: ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഡ്രീം പ്രൊജക്ടിനെ ചുറ്റിപറ്റിയുള്ള വാര്‍ത്തയ്ക്ക് പുറകിലാണ് ഇന്ന് മാധ്യമങ്ങള്‍. ചെയ്യുന്ന കാഥാപാത്രങ്ങളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആമിര്‍ ഖാന്‍ സ്വപ്‌ന പദ്ധതി മഹാഭാരതം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ആയിരം കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് മുകേഷ് അംബാനിയാണെന്നാണ് വിവരം. മഹാഭാരതം നിര്‍മ്മിക്കുന്നതിനായി മുകേഷ് പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തെ പറ്റിയുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.

നേരത്തെ ബാഹുബലിയടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്എസ് രാജമൗലി മഹാഭാരതം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മോഹന്‍ലാല്‍, രജനീകാന്ത്, ആമിര്‍ ഖാന്‍ എന്നിവരായിരുന്നു രാജമൗലിയുടെ ചിത്രത്തിലെ കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മഹാഭാരതമാണ് തന്റെ സ്വപ്‌ന സിനിമയെന്ന് നേരത്തെതന്നെ ആമീര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലാണ് ആമിര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫാത്തിമ സന, കത്രീന കെെഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആമിറെത്തുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം  മഹാഭാരതമായിരിക്കും ആമിറിന്റെ അടുത്ത പ്രൊജക്ട് എന്നാണ് വിവരങ്ങള്‍.

അതേസമയം മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രമാണിത്.  മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലും ബോളിവുഡ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിറും നേര്‍ക്കുനേര്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരിപ്പോള്‍.

DONT MISS
Top