ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി; ഫെയ്‌സ്ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു

പ്രതീകാത്മക ചിത്രം

കാലോഫോര്‍ണിയ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി എന്നരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ വിപണിയില്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു. 3700 കോടി ഡോളറിന്റെ ഇടിവാണ് ഫെയ്‌സ്ബുക്കിന് ഉണ്ടായിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. ഇതേ തുടര്‍ന്നാണ് ഓഹരിവില ഇടിഞ്ഞത്. ആമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലയളവില്‍ ഈ വിവരങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി ഉപയോഗിച്ചു എന്ന വാര്‍ത്തയാണ് ഫെയ്‌സ്ബുക്കിനെ കുരുക്കിയത്. ആരോപണത്തെക്കുറിച്ച് അമേരിക്കന്‍ ട്രേഡ് ഫെഡറല്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചു.

സ്ട്രാറ്റജീസ് കമ്മ്യൂണിറ്റീസ് ഡെവലപ്പ്‌മെന്റ് ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ച് കോടിയിലധികം വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തിയത്. ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു എന്നതാണ് ആരോപണം.

ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ട്രംപിന് അനുകൂലമായ ജനാഭിപ്രായം രൂപികരിക്കുന്നതിനായി ഉപയോഗിച്ചു എന്നതാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലെ സന്ദേശങ്ങള്‍ അടക്കം പരിശോധിച്ച് വോട്ടറെ സ്വാധീനിക്കുകയും അതിന് അനുസരിച്ചുള്ള സന്ദേശങ്ങള്‍ അയാള്‍ക്ക് അയക്കുകയുമാണ് ട്രംപിന് വേണ്ടി കണ്‍സള്‍ട്ടന്‍സി ചെയ്യുന്നത്.

DONT MISS
Top