ഏകദിനം കൊച്ചിയില്‍ തന്നെ നടന്നേക്കും, തീരുമാനം മൂന്ന് ദിവസത്തിനകം; കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താമെന്ന് ജിസിഡിഎ

കലൂര്‍ സ്റ്റേഡിയം

കൊച്ചി: കേരളത്തിന് അനുവദിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തന്നെ നടക്കാന്‍ സാധ്യത. വേദി നിശ്ചയിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മത്സരം കൊച്ചിയില്‍ നടത്തുന്നതില്‍ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക. ഇന്ന് കൊച്ചിയില്‍ ജിസിഡിഎ, കെസിഎ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

കൊച്ചി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജിസിഡിഎ അറിയിച്ചു. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ജിസിഡിഎ പറഞ്ഞു.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടക്കണമെന്നാണ് ആഗ്രഹമെന്ന് കെസിഎയുടെയും കെഎഫ്എയുടെയും പ്രതിനിധികള്‍ വ്യക്തമാക്കി. ക്രിക്കറ്റിനായി പിച്ച് ഒരുക്കിയാലും 22 ദിവസത്തിനകം ഫുട്‌ബോളിനുള്ള ടര്‍ഫ് സജ്ജമാക്കാമെന്ന് കെസിഎ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ടര്‍ഫിന് തകരാര്‍ ഉണ്ടാകില്ലെങ്കില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ജിസിഡിഎയും പറഞ്ഞു.

രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ കാലങ്ങളിലും ക്രിക്കറ്റും ഫുട്‌ബോളും ഒന്നിച്ച് കൊണ്ടുപോയ ചരിത്രമുണ്ട്. 2014 ല്‍ ക്രിക്കറ്റും ഫുട്‌ബോളും നടന്നിരുന്നു. ഫുട്‌ബോള്‍ കൊച്ചിയിലും ക്രിക്കറ്റ് തിരുവനന്തപുരത്തും എന്ന നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മത്സരം കൊച്ചിയില്‍ത്തന്നെ നടക്കാനാണ് സാധ്യതയെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ എതിര്‍ത്താല്‍ ഈ നീക്കം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

DONT MISS
Top