‘റിപ്പോര്‍ട്ടര്‍’ വാര്‍ത്താ പരമ്പര ഫലം കാണുന്നു; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടം എഴുതിതള്ളുമെന്ന് സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്നുലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് ‘റിപ്പോര്‍ട്ടര്‍’ ആരംഭിച്ച വാര്‍ത്താപരമ്പര വന്ന് മണിക്കൂറുകള്‍ക്കകമാണ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് കടങ്ങള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ ദുരിതബാധിതകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നേരത്തെ ദുരിതബാധിതരുടെ അമ്പതിനായിരം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് മൂന്നുലക്ഷംവരെയാക്കിയത്.

പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 30 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്. പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ ക്യാന്‍സര്‍ രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ചുഘട്ടങ്ങളായുളള പരിശോധനയിലൂടെയാണ് ധനസഹായത്തിന് അര്‍ഹരായ ദുരിതബാധിതരെ നിര്‍ണയിക്കുന്നത്. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല കുടുംബങ്ങളും ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്തുപോയി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പരിഗണനയില്ല. ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ ബഡ്‌സ് സ്‌കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള നടപടികളുടെ ഭാഗമാണിത്. ബഡ്‌സ് സ്‌കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിന്‍തോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കും. ദുരിതബാധിതര്‍ക്കു വേണ്ടി പുനരധിവസ വില്ലേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉടനെ ഭരണാനുമതി നല്‍കും. കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഇതിന് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന എന്‍ഡോസള്‍ഫാന്‍ സഹായപദ്ധതികളും പുനരധിവാസ പദ്ധതികളും അവലോകനം ചെയ്യുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

DONT MISS
Top