ഇന്ത്യ-വിന്‍ഡീസ് ഏകദിനം: വേദി സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടാകും

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

കൊച്ചി: ഇന്ത്യ-വിന്‍ഡീസ് ഏകദിനമത്സരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വേദി മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യും കെസിഎയുമായുള്ള ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ടോടെ കെസിഎ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.

ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍, കെഎഫ്എ (കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍) പ്രസിഡന്റ് കെഎംഎ മേത്തര്‍, കെസിഎ പ്രസിഡന്റ് റോംഗ്ലിന്‍ ജോണ്‍, സെക്രട്ടറി ജയേഷ് ജോര്‍ജ്, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധി കെ സഞ്ജിത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വേദി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് ധാരണയായിരിക്കുന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഈ നിര്‍ദേശം ജിസിഡിഎ കെസിഎയ്ക്ക് മുന്നില്‍ വെക്കും. പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കെസിഎ ഇത് അംഗീകരിക്കാനാണ് സാധ്യത.

മത്സരം കൊച്ചിയില്‍ത്തന്നെ നടത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് കെസിഎ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മത്സരം തിരുവനന്തപുരത്ത് നടത്തണമെങ്കില്‍ അഞ്ച് കോടിരൂപ വേണ്ടിവരുമെന്നും കെസിഎ ചൂണ്ടിക്കാട്ടി. വിവാദത്തിന് താത്പര്യമില്ലെന്നും വിവാദമില്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കായികമന്ത്രി എസി മൊയ്തീന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് പൊളിച്ച് മാറ്റി ക്രിക്കറ്റ് പിച്ച് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ച. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഫുട്‌ബോള്‍ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കായികമന്ത്രി എസി മൊയ്തീനും സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കലൂരിലെ ടര്‍ഫില്‍ മാറ്റം വരുത്തുന്നതിനെതിരെ ഫുട്ബാള്‍ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഒരുപോലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തണമെന്ന നിര്‍ദേശവുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. എന്നാല്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരികയായിരുന്നു.

DONT MISS
Top