“ശരിയായ തീരുമാനമെടുത്ത് ക്രിക്കറ്റിനേയും ഫുട്‌ബോളിനേയും നമുക്ക് ഒരുമിച്ച് കൊണ്ടുപൊയ്ക്കൂടേ?”, കലൂരില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിനും

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് നടത്തണമെന്ന അഭിപ്രായവുമായി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തിരുവനന്തപുരത്ത് ക്രിക്കറ്റിനുവേണ്ടി മാത്രമായി ഒരു സ്‌റ്റേഡിയമുള്ളത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിഫ അംഗീകരിച്ച ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം കുഴിച്ച് നശിപ്പിക്കുന്നതോര്‍ത്ത് വിഷമമുണ്ടെന്നാണ് സച്ചിന്‍ പറഞ്ഞത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ശരിയായ തീരുമാനമെടുക്കുകയും തിരുവന്തപുരത്ത് ക്രിക്കറ്റും കൊച്ചിയില്‍ ഫുട്‌ബോളുമെന്ന രീതിയില്‍ സന്തോഷത്തോടെ ഒരുമിച്ച് പോകുകയുമല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ട്വീറ്റിലൂടെയാണ് സച്ചിന്‍ അഭിപ്രായമറിയിച്ചത്.

ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് സച്ചിന്റെ പ്രിയ വേദികളില്‍ ഒന്നായിരുന്നു കലൂര്‍. സച്ചിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഒരേയൊരു വേദിയും കൊച്ചിതന്നെ, അതും രണ്ട് തവണ. രണ്ട് തവണയും സച്ചിനായിരുന്നു മാന്‍ ഓഫ് ദി മാച്ചും. എന്നാല്‍ ഫുട്‌ബോളിന്റെ വികസനത്തിനായി ഇത്തരം വിട്ടുവീഴ്ച്ചകള്‍ ചെയ്യണം എന്ന അഭിപ്രായമാണ് സച്ചിന്‍ വ്യക്തമായി പ്രകടിപ്പിച്ചത്.

ക്രിക്കറ്റ് ആരാധകരും ഫുട്‌ബോള്‍ ആരാധകരും നിരാശരാവില്ല എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ബിസിസിഐ സെക്രട്ടറി വിനോദ് റായിയുമായി ഇക്കാരം സംസാരിച്ചെന്നും സച്ചിന്‍ വെളിപ്പെടുത്തി. നേരത്തെ ശശി തരൂരും ഇക്കാര്യം വിനോദ് റായിയുമായി സംസാരിച്ചിരുന്നു.

സികെ വിനീത്, ഇയാന്‍ ഹ്യൂം എന്നീ കളിക്കാരും സാഹിത്യകാരന്‍ എന്‍എസ് മാധവനും ഇക്കാര്യം ഇതേ രീതിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാനാണ് സാധ്യത.

DONT MISS
Top