കോര്‍ കമ്മിറ്റിയില്‍ മുരളീധരനെതിരെ ശ്രീധരന്‍പിള്ളയുടെ പരാതി: ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം

വി മുരളീധരന്‍, പിഎസ് ശ്രീധരന്‍ പിള്ള

കൊല്ലം: കെഎം മാണി വിഷയത്തില്‍ വി മുരളീധരന്റെ നിലപാടിനെതിരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. കാര്യംകഴിഞ്ഞപ്പോള്‍ മുരളീധരന്‍ കലം നിലത്തിട്ട് ഉടയ്ക്കുന്നെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. മുരളിധരനെതിരെ പിഎസ് ശ്രീധരന്‍ പിള്ള പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതോടെ പിന്നിട് മുരളീധരന്‍ പ്രസ്താവന തിരുത്തി.

മാണി വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ വി മുരളീധരന്‍ ബിജെപിയില്‍ ഒറ്റപ്പെട്ടു. കൊല്ലത്ത് ചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രസ്താവന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പൊതുവികാരം. പ്രസ്താവന തിരുത്തി ആശയക്കുഴപ്പം മുരളീധരന്‍ തന്നെ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുരളീധരന്റെ നിലപാടിനെ ഇന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തള്ളിപ്പറഞ്ഞു.

അതേ സമയം മുരളീധരനെതിരെ പിഎസ് ശ്രീധരന്‍ പിള്ള നല്‍കിയ പരാതി കുമ്മനം രാജശേഖരന്‍ യോഗത്തില്‍ വായിച്ചു. താന്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് മുരളിധരന്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും ശ്രീധരന്‍ പിള്ളയുടെ പരാതിയിലുണ്ട്. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു മുരളീധരന്‍ യോഗത്തില്‍ വിശദീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടതോടെ പ്രസ്താവന തിരുത്തി മുരളീധരന്‍ രംഗത്തെത്തി തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും അധ്യക്ഷന്‍ പറയുന്ന നിലപാടാണ് തന്റെതെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ബി ജെപിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

DONT MISS
Top