ബിജെപിയുമായി ഒരു ബന്ധവുമില്ല, വിഎച്ച്പിയുടെ രഥയാത്ര കൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാകില്ല; നിലപാട് വ്യക്തമാക്കി രജനികാന്ത്

രജനികാന്ത്

ചെന്നൈ: ബിജെപിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി നടന്‍ രജനികാന്ത്. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രജനി പാര്‍ട്ടിയെ തള്ളിപറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും രജനി വ്യക്തമാക്കി. ബിജെപി ബന്ധത്തെ പൂര്‍ണമായും തള്ളിയ രജനികാന്ത് വിഎച്ച്പി നടത്തുന്ന രഥയാത്രയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തമിഴകം എന്നും സമാധാനം ആഗ്രഹിക്കുന്ന ഇടമാണ്. വിഎച്ച്പിയുടെ രഥയാത്ര കൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാകില്ലെന്നും രജനികാന്ത് വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.

രജനീകാന്ത് ബിജെപിയിലേയ്ക്കാണെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബിജെപി നേതാക്കളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കികൊണ്ടുള്ള രജനിയുടെ രംഗപ്രവേശം. തമിഴകത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് വെല്ലുവിളിയാവുന്നതാണ് രജനികാന്തിന്റെ പ്രസ്താവന.

പെരിയാറിന്റെ പ്രതിമകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ തമിഴ്‌നാട്ടില്‍ അക്രമം നടക്കുന്നത്.  തമിഴകത്തെ സംബന്ധിച്ച് ഏറെ കലങ്ങിമറിഞ്ഞ രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനികാന്ത് പ്രഖ്യാപനം നടത്തുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അംഗത്വമെടുക്കാനുള്ള വെബ്‌സൈറ്റും രജനി തുറന്നിരുന്നു. രജനികാന്തിന് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗപ്രവേശനം നടത്തിയിരുന്നു.

DONT MISS
Top