ലോക്സഭയില്‍ ബഹളം തുടരുന്നു, അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ച ചെയ്തില്ല

ലോക്സഭ

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും നല്‍കിയ അവിശ്വാസ പ്രമേയം ലോക്‌സഭ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്നും അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാതെ ലോക്‌സഭ പിരിഞ്ഞു. വിവിധ കക്ഷികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസ് ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണം എന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അവിശ്വാസപ്രമേയനോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കാനാകാതെ ലോക്‌സഭ പിരിഞ്ഞത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് മാര്‍ച്ച് 16 ന് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നോട്ടീസ് ചര്‍ച്ചയ്‌ക്കെടുത്തില്ല. ബഹളത്തിനിടയ്ക്ക് നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സമുത്ര മഹാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയും സഭ തുടങ്ങിയപ്പോള്‍ എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. കാവേരി നദീജല വിഷയം ഉയര്‍ത്തിയാണ് എഐഎഡിഎംകെ സഭയില്‍ പ്രതിഷേധിക്കുന്നത്.

അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസും സിപിഐഎമ്മും പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

DONT MISS
Top