ഒരു നാടിനെ തമ്മില്‍ തല്ലിക്കാന്‍ ദയവുചെയ്ത് രാഷ്ട്രിയ മുന്നണികള്‍ കൂട്ടുനില്‍ക്കരുത്; സന്തോഷ്‌ കീഴാറ്റൂര്‍

പിറന്ന നാട്ടിലെ വയല്‍ക്കിളികളുടെ സമരത്തെ രാഷ്ട്രിയമാക്കരുതെന്ന് അഭ്യര്‍ഥിച്ച് നടന്‍ സന്തോഷ്‌ കീഴാറ്റൂര്‍ രംഗത്ത്. ഒരു നാടിനെ തമ്മില്‍ തല്ലിക്കാന്‍ ദയവുചെയ്ത് ഈ രാഷ്ട്രിയ പാര്‍ട്ടികള്‍ കൂട്ട് നില്‍ക്കരുതെന്നാണ് നിജസ്ഥിതി അറിയുന്ന തനിക്കു മലയാളി സമൂഹത്തോട് പറയാനുള്ളതെന്നും സന്തോഷ്‌ കീഴാറ്റൂര്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

കീഴാറ്റൂര്‍ വയല്‍ക്കിളി  സമരത്തെ കുറിച്ച് മന്ത്രി ജി സുധാകരന്റെ നിയമസഭയിലെ പ്രസ്താവനക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂര്‍ വയല്‍ക്കിളി സമരം രാഷ്ട്രിയമായി പലരും ഉപയോഗിക്കുകയാണ്. ഒരു ബൈപാസ് കീഴാറ്റൂര്‍ പ്രദേശത്തിന്‍റെയോ , അവിടെ മാത്രം ജീവിക്കുന്ന ജനതയുടെയോ മാത്രം ആവശ്യമല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്. അത് ജനങ്ങള്‍ മനസിലാക്കണമെന്നും അത് മനസിലാക്കി സമവായത്തിലെത്തണമെന്നും സന്തോഷ്‌ പറയുന്നു.

കീഴാറ്റൂര്‍ മേഖലയിലൂടെ നിര്‍ദിഷ്ട ബൈപാസ്‌ സാധ്യമാകുമെങ്കില്‍ വലിയ പില്ലറുകള്‍ ഉയര്‍ത്തി മേല്‍പ്പാലം ഉയര്‍ത്തി റോഡുകള്‍ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സന്തോഷ്‌ വ്യക്തമാക്കി. റോഡുകളുടെ  വികസനം നാടിന് ആവശ്യമാണ്. അതുപോലെ തന്നെ പ്രാധാന്യം നിറഞ്ഞതാണ്‌ വയലുകളും. ഇവയ്ക്ക് രണ്ടിനും കോട്ടം വരാതെ മുന്നോട്ടുപോകാന്‍ സാധിക്കണം.

വലിയ പില്ലറുകള്‍ ഉയര്‍ത്തി അതിനു മുകളിലൂടെ റോഡ്‌ നിര്‍മ്മാണം നടന്നാല്‍ പച്ചപ്പ് നിറഞ്ഞ കീഴാറ്റൂരിലെ വയലുകളുടെ ഗ്രാമീണ ഭംഗി ഒന്ന് കൂടി കൂടുമെന്നും, ഒപ്പം ഒരു തുണ്ട് ഭുമി പോലും ബൈപാസ് വികസനത്തിനായി എടുക്കേണ്ടിവരില്ലെന്നും സന്തോഷ് പറയുന്നു.

ഒരു പൊതു വികസനത്തിന് വേണ്ടി കീഴാറ്റൂര്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സന്തോഷ്‌ പറഞ്ഞു. നാടിന്‍റെ ഒത്തൊരുമയും വികസനവുമാണ് ഒരു നാട്ടുകാരന്‍ ആഗ്രഹിക്കുന്ന പോലെ തനിക്കുമുള്ളത്. രാഷ്ട്രിയ ലാഭത്തിനായി ഒരുപാടു തെറ്റിധാരണകള്‍ നാട്ടില്‍ പടര്‍ത്താന്‍ പല മുന്നണികളും ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് താന്‍ പലപ്പോഴും വയല്‍ക്കിളി സമരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്. പക്ഷെ അത് മനസിലാക്കാതെ പോകുന്നതില്‍ ദുഃഖമുണ്ടെന്നും സന്തോഷ്‌ കീഴാറ്റൂര്‍ റിപ്പോര്‍ട്ട്റോട് പറഞ്ഞു.

DONT MISS
Top