കീഴാറ്റൂര്‍ ബൈപാസ്: അലൈന്‍മെന്റ് മാറ്റില്ലെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: കണ്ണൂര്‍ കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്ത് നിന്ന് വിഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബൈപാസ്‌ കീ​ഴാ​റ്റൂ​രി​ലൂ​ടെ മാ​ത്ര​മേ നി​ർ​മി​ക്കൂ എ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു ചി​ല സിപിഐഎമ്മുകാരെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല എന്നത് വ​സ്തു​ത​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ക്കിളികളല്ല, കഴുകന്‍മാരാണ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയത്.

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ സ​മ​ര​ത്തി​നു സ​ർ​ക്കാ​ർ വ​ഴ​ങ്ങി​ല്ല. നി​ർ​ദി​ഷ്ട ദേ​ശീ​യ​പാ​ത ബൈ​പാസ് അ​ലൈ​ൻമെന്റ് പ്ര​കാ​രം കീ​ഴാ​റ്റൂ​രി​ലൂ​ടെ മാ​ത്ര​മേ നി​ർ​മി​ക്കൂ. ഇ​തി​ന് ബ​ദ​ൽ അ​ലൈ​ൻ​മെ​മെന്റില്ല. ഈ ​വി​ഷ​യ​ത്തി​ൽ ചി​ല സി​പി​എ​മ്മു​കാ​രെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല എ​ന്ന​തു സ​ത്യ​മാ​ണ്. എ​ന്നാ​ൽ സിപിഐഎമ്മുകാ​ർ ഭരിക്കുമ്പോള്‍ സിപിഐഎമ്മു​കാ​ർ എ​തി​ർ​ക്കു​ന്ന​തു​കൊ​ണ്ട് സ​ർ​ക്കാ​രി​നു വി​ക​സ​നം വേ​ണ്ടെ​ന്നു വ​യ്ക്കാ​നാ​വി​ല്ല. ദേ​ശീ​യ​പാ​താ വി​ക​സ​നം പാ​ടി​ല്ലെ​ന്നു ശ​ഠി​ക്കു​ന്ന​വ​ർ നാ​ട്ടി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്ത് ദേശീയപാത നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന നാട്ടുകാരുടെ കൂട്ടായ്മയായ വയല്‍ക്കിളികളെ തള്ളിപ്പറഞ്ഞ മന്ത്രി ജി സുധാകരന്‍ കീഴാറ്റൂരിലെ സമരക്കാര്‍ വയല്‍ക്കിളികളല്ല, കഴുകന്‍മാരാണെന്ന് വ്യക്തമാകുമെന്നാണ് പറഞ്ഞത്. ജീവിതത്തിലൊരിക്കലും വയലിന്റെ അരികത്ത് പോലും പോകാത്തവരാണ് ഇപ്പോള്‍ സമരവുമായി വന്നിരിക്കുന്നതില്‍ പലരുമെന്നും സുധാകരന്‍ ആരോപിച്ചു. വികസനവിരുദ്ധര്‍ മാരീചവേഷം പൂണ്ട് വന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കീഴാറ്റൂര്‍ സമരവിഷത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി സുധാകരന്‍. കീഴാറ്റൂരില്‍ സമരക്കാര്‍ക്കെതിരേ പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചത് സിപിഐഎമ്മുകാരാണെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും വിഡി സതീശന്‍ ആരോപിച്ചു.

ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ ശക്തികളാണ് ഈ സമരത്തിന് പിന്നിലെന്നും ഇതില്‍ യുഡിഎഫ് ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. ദേശീയപാതയുടെ അലൈന്‍മെന്റ് വയല്‍ ഉള്‍പ്പെടുന്ന രീതിയില്‍ തയാറാക്കപ്പെട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും ഇക്കാര്യത്തില്‍ യുഡിഎഫ് ഇപ്പോള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാരിചന്‍മാരെയല്ല പത്തുതലയുള്ള സിപിഐഎമ്മിന്റെ രാവണന്‍മാരെയാണ് തങ്ങള്‍ കീഴാറ്റൂല്‍ കണ്ടതെന്ന് സതീശന്‍ പറഞ്ഞു. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ഭൂമി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. സമരം നടത്തുന്നവര്‍ മുന്‍പ് സിപിഐഎമ്മുകാരായിരുന്നപ്പോള്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് അവര്‍ വേണ്ടപ്പെട്ടവരായിരുന്നു. ഇപ്പോള്‍ സിപിഐഎമ്മിനെതിരേ തിരിഞ്ഞപ്പോഴാണ് അവര്‍ നിങ്ങള്‍ക്ക് കഴുകന്മാരാകുന്നത്. ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരിയായി ജീവിച്ച 73 വയസുകാരിയായ വയല്‍ക്കിളി സമരനായിക ജാനകിയെ കൊല്ലുമെന്ന ഭീഷണി മുഴക്കിയ കാര്യവും സതീശന്‍ ചൂണ്ടിക്കാട്ടി.

വയല്‍ക്കിളികളുടെ പന്തലിന് തീയിട്ടപ്പോള്‍

ഈ മാസം 14 ന് കീഴാറ്റൂരിലെ വയലില്‍ സര്‍വേ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ വയല്‍ക്കിളികള്‍ തടഞ്ഞിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയായിരുന്നു ജാനകിയടക്കമുള്ള സമരക്കാര്‍ പ്രതിഷേധിച്ചത്. ഒടുവില്‍ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെ, വയലില്‍ സമരക്കാര്‍ കെട്ടിയിരുന്ന സമരപ്പന്തല്‍ സിപിഐഎമ്മുകാര്‍ കത്തിച്ചിരുന്നു. പൊലീസ് സാന്നിദ്ധ്യത്തിലായിരുന്നു പന്തല്‍ കത്തിച്ചത്. ഈ വിഷയങ്ങളാണ് ഇന്ന് അടിയന്തരപ്രമേയത്തിലൂടെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്.

DONT MISS
Top