പൊലീസ് നടപടി സ്വീകരിക്കുന്നില്ല; പിതാവിന്റെ മരണത്തില്‍ നീതി തേടി കുരുന്നു മകള്‍

അഷ്ടമിയും അമ്മ ലീനയും

കൊല്ലം: പിതാവിന്റെ മരണത്തില്‍ നീതീ തേടി കുരുന്നു മകള്‍. ഒരു വര്‍ഷം മുമ്പ് വാഹനപകടത്തില്‍ മരിച്ച കൊല്ലം കല്ലമ്പലം സ്വദേശി അനില്‍ കുമാറിന്റെ മരണത്തില്‍ നീ തീ തേടിയാണ് അഷ്ടമിയും അമ്മയും സഹോദരങ്ങളും അധികാരികളുടെ മുന്നില്‍ കൈ നീട്ടുന്നത്. അനില്‍ കുമാറിനെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്തി നല്‍കിയാല്‍ മാത്രമേ കേസില്‍ അനന്തര നടപടികള്‍ സ്വീകരിക്കൂ എന്നാണ് പൊലീസിന്റെ പക്ഷം. അര്‍ഹമായ നഷ്ട പരിഹാരത്തുകയ്ക്കായി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല.

അച്ഛനെ ഒരു നോക്ക് കാണാന്‍ പോലും ഒരു വയസ്സുകാരി അഷ്ടമി എന്ന കുരുന്നിന് വിധി ഉണ്ടായില്ല. എന്നാല്‍ അച്ഛനായി പിച്ച വെച്ച് ഇവള്‍ കയറാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അഷ്ടമിയുടെ അച്ഛന്‍ കല്ലമ്പലം സ്വദേശി അനില്‍ കുമാര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ലീനയെ കാണാന്‍ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം .

എന്നാല്‍ മരണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം നടത്താന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ലീന പറയുന്നു. കേസിന്റെ വിവരം അന്വേഷിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ സഭ്യമായ പെരുമാറ്റം പോലും ഉണ്ടാകില്ല.

കേസ് കോടതിയില്‍ എത്തിയാല്‍ മാത്രമേ അഷ്ടമിയും സഹോദരങ്ങളായ ആദി കുമാറിനും ബോധിയ്ക്കും നഷ്ട പരിഹാര തുക ലഭിക്കൂ. ഇത് അച്ഛന് പകരം ആകില്ലെങ്കിലും ആരോരും തുണയില്ലാത്ത ഈ കുടുംബത്തിന് ഈ സഹായം കൂടിയേ തീരൂ. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളേയും നെഞ്ചോടക്കി അധികാരി കളുടെ കനിവും തേടി ഓരോ ദിനവും തളളി നീക്കുകയാണ് ഈ വീട്ടമ്മ.

DONT MISS
Top