ആന്ധ്രയിലെ ഭിന്നത പരിഹരിക്കാനും റാം മാധവ്, കരുക്കള്‍ നീക്കികൊണ്ട് അമിത് ഷാ

ഫയല്‍ചിത്രം

ദില്ലി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തന്ത്രം ആന്ധ്രയിലും പയറ്റാനൊരുങ്ങി ബിജെപി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ വളര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ച ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിനെ ആന്ധ്രപ്രദേശിന്റെ ദൗത്യത്തിന്റെ ചുമതലയേല്‍പ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം.

എന്‍ഡിഎ മുന്നണിയില്‍ നിന്നും ടിഡിപി പുറത്തുപോയത് പാര്‍ട്ടിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മുന്നണി വിട്ടത്. ഇത് ബിജെപിയെ ഏറെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇത് അവസരമായി കണ്ട് ബിജെപിയ്‌ക്കെതിരെ മൂന്നാം മുന്നണി യെ അണിനിരത്താനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്.

ഇതിനെല്ലാം പ്രതിരോധം തീര്‍ക്കുന്നതിനുവേണ്ടിയാണ് റാം മാധവിന് ചുമതല കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ പിന്നിലായിരുന്ന ബിജെപിയെ സ്വാധീനമുള്ള പാര്‍ട്ടിയായി വളര്‍ത്തിയതിന് പിന്നില്‍ റാം മാധവിന്റെ തന്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. സമാനമായ നിലയില്‍ ആന്ധ്രാപ്രദേശിലും സ്വാധീനമുറപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയില്‍ നിന്നുള്ള ബിജെപിയുടെ നാല് എംഎല്‍എമാരും രണ്ട് എംപിമാരും ഇവര്‍ക്ക് പുറമെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വരുന്ന 2019ലെ ആന്ധ്ര തെരഞ്ഞെടുപ്പില്‍ ബിജെപിയെ കിങ്‌മേക്കറായി മാറ്റുമെന്ന് റാം മാധവ് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് റാം മാധവും സംഘവും അടുത്തയാഴ്ച ആന്ധ്ര സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.

DONT MISS
Top