‘ശ്രീദേവി എന്ത് ചെയ്തിട്ടാണ് അവരുടെ മൃതദേഹത്തില്‍ ത്രിവര്‍ണപതാക പുതപ്പിച്ചത്’ സംസ്‌കാരചടങ്ങിനെതിരെ രാജ് താക്കറെ

രാജ് താക്കറെ

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സ്ഥാപകനും തലവനുമായ രാജ് താക്കറെ രംഗത്ത്. എന്ത് ചെയ്തിട്ടാണ് ശ്രീദേവിയുടെ മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്നായിരുന്നു രാജ് താക്കറെയുടെ പ്രസ്താവന.

ശ്രീദേവി മികച്ച അഭിനേതാവെന്ന് സമ്മതിക്കുന്നു. എന്നാല്‍ അവര്‍ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്നും രാജ് താക്കറെ ചോദിക്കുന്നു. മുംബൈയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ രാജ്യം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്ന നീരവ് മോദി വിഷയമടക്കം ഒന്നുമല്ലാതായെന്നും രാജ് താക്കറെ പറയുന്നു. നീരവ് മോദി വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രീദേവിയുടെ മരണം കൂടുതല്‍ ചര്‍ച്ചയാക്കിയതെന്നും താക്കറെ കൂട്ടിചേര്‍ത്തു. പത്മശ്രീ പുരസ്‌കാരം ലഭിച്ച നടിയായതിനാലാണ് അവര്‍ക്ക് സംസ്ഥാന ബഹുമതി ലഭിച്ചത്. പക്ഷെ അത് മഹാരാഷ്ട്ര സര്‍ക്കാരിന് പറ്റിയ അബദ്ധമാണെന്നും താക്കറെ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 24ന് ദുബായില്‍വെച്ചായിരുന്നു ശ്രീദേവി മരണപ്പെടുന്നത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടായിരുന്നു മരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് ബോണികപൂറും, ഇളയ മകള്‍ ഖുശിയ്ക്കുമൊപ്പം കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു അന്ത്യം.

DONT MISS
Top