ഫെഡററുടെ ജൈത്രയാത്രയ്ക്ക് അന്ത്യം; ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം ഡെല്‍ പോട്രോയ്ക്ക്

ഡെല്‍പോട്രോ കിരീടവുമായി

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക എട്ടാം നമ്പര്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ കിരീടം ചൂടി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്വിസ് താം റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ഡെല്‍പോട്രോ കിരീടം ചൂടിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-4, 6-7(8-10), 7-6(7-2) എന്ന സ്കോറിനായിരുന്നു അര്‍ജന്റീനിയന്‍ താരത്തിന്റെ വിജയം.

രണ്ട് മാച്ച് പോയിന്റുകള്‍ അതിജീവിച്ചായിരുന്നു ഡെല്‍ പോട്രോയുടെ കിരീടനേട്ടം. തുടര്‍ച്ചയായ രണ്ടാം എടിപി കിരീടമാണ് ഡെല്‍പോട്രോ നേടിയത്. അതേസമയം ഇന്ത്യന്‍ വെല്‍സില്‍ ആറാം കിരീടം തേടിയിറങ്ങിയ ഫെഡറര്‍ക്ക് ആ നേട്ടം കൈവരിക്കാനായില്ല. ഡെല്‍പോട്രേയുടെ കരുത്തിന് മുന്നില്‍ ഫെഡറര്‍ അവസാനനിമിഷം തോല്‍വി വഴങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള 25 -ാം ഏറ്റുമുട്ടലില്‍ ഏഴാം ജയമാണ് ഡെല്‍പോട്രോ സ്വന്തമാക്കിയത്.

ഇതോടെ ഈ വര്‍ഷത്തെ ജൈത്രയാത്രയ്ക്കും വിരാമമായി. തുടര്‍ച്ചയായി 17 മത്സരങ്ങള്‍ ജയിച്ചശേഷമാണ് ഫെഡറര്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ ഫെഡറര്‍ കഴിഞ്ഞമാസം റോട്ടര്‍ഡാമില്‍ കിരീടം ചൂടി ലോക ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

DONT MISS
Top