അവസാന പന്തില്‍ സിക്‌സര്‍ പറത്തി കാര്‍ത്തിക്; ആവേശം അലതല്ലിയ ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയം


കൊളംബോ: ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് ആവേശോജ്വല വിജയം. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍ വേണമെന്നിരിക്കെ സിക്‌സര്‍ പായിച്ച് ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം സമ്മാനിച്ചത്. വെറും എട്ടുപന്തുകള്‍ നേരിട്ട് 29 റണ്‍സ് അടിച്ചുകൂട്ടിയ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 166 റണ്‍സെടുത്തു. സാബിര്‍ റഹ്മാന്‍ 50 പന്തില്‍ നേടിയ 77 റണ്‍സാണ് ബംഗ്ലാ ഇന്നിംഗ്‌സിന് കരുത്തായത്. ഏഴ് ഫോറുകളും നാല് സിക്‌സുകളും പറത്തിയാണ് റഹ്മാന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. തമീം ഇഖ്ബാല്‍ 13 പന്തില്‍ 15 റണ്‍സും മഹ്മൂദുള്ള 16 പന്തില്‍ 21 റണ്‍സുമെടുത്ത് റഹ്മാന് പിന്തുണയേകി.

167 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി രോഹിത് ശര്‍മ 42 പന്തില്‍ 56 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ നല്‍കിയതെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുതും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയും ബംഗ്ലാദേശ് വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ 19-ാം ഓവറില്‍ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.

വെറും 8 പന്ത് മാത്രം കളിച്ച കാര്‍ത്തിക് രണ്ട് ഫോറും മൂന്നുസിക്‌സും പറത്തി. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നതിനാല്‍ സിക്‌സ് പറത്തുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. എന്നാല്‍ ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ കാര്‍ത്തിക് ഗ്യാലറിയിലേക്ക് പന്ത് പറത്തുകയായിരുന്നു. ഇതോടെ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടു.

DONT MISS
Top