ഐഎസ്എല്‍ ഫൈനല്‍ വേദിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച മിടുമിടുക്കന്‍

ലാല്‍ലുത്താര

ഐഎസ്എല്‍ ഫൈനല്‍ വേദിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം വാനോളമുയര്‍ത്തി ലാല്‍രുത്താര എന്ന മിടുമിടുക്കന്‍. ബെസ്റ്റ് എമെര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡാണ് ലാല്‍ രുത്താര നേടിയത്. ഇതോടെ ഫൈനല്‍ കാണാന്‍ ബംഗളുരുവിലെത്തിയ മലയാളികള്‍ക്ക് ആവേശമായി.

കേരളത്തിന്റെ ഗോള്‍പോസ്റ്റിന്റെ കാവല്‍ക്കാരിലൊരാളായി നിലയുറപ്പിച്ച ലാല്‍ ലുത്താര മിന്നുംപ്രകടനമാണ് ലീഗിലുടനീളം കാഴ്ച്ചവച്ചത്. വ്യക്തിഗത മികവ് ഒന്നുകൊണ്ടുമാത്രം നിരവധി തവണ എതിര്‍ടീമിന്റെ മുന്നേറ്റമുനയൊടിച്ചു. പല അക്രോബാറ്റിക് ഷോട്ടുകളോടെയുള്ള സേവുകളും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസില്‍നിന്ന് മായ്ക്കാന്‍ പറ്റാത്തതായി.

ഒരു കളിക്കാരനെ മാര്‍ക്ക് ചെയ്യാന്‍ ഇത്രത്തോളം മികവുളള ഒരു താരം ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടായിരുന്നില്ല. പലപ്പോഴും മാര്‍ക്ക് ചെയ്യപ്പെടുന്ന കളിക്കാരനെ നിഴല്‍ പോലെ പിന്തുടരുന്ന ലുത്താരയെ കാണാം. രുത്താരയുടെ വിംഗ് മാറി എതിര്‍ വിംഗില്‍ കളിക്കേണ്ട ദയനീയ അവസ്ഥവരെ പല കൊലകൊമ്പന്‍ കളിക്കാര്‍ക്കുമുണ്ടായി. പൂനെയുമായി നടന്ന രണ്ടാം കളിയിലുംമറ്റും അന്താരാഷ്ട്ര നിലവാരത്തിലുള്ള കളി രുത്താര പുറത്തെടുത്തു.

റിനോയും പെസിച്ചും ജിങ്കാനും ബ്രൗണും നിറഞ്ഞുനിന്ന പ്രതിരോധ നിരയില്‍ ഒരു സ്ഥാനമുണ്ടാക്കുക എന്നതുതന്നെ ഒരു കളിക്കാരനെ സംബന്ധിച്ച് കഷ്ടമാണെന്നിരിക്കെ രുത്താര അത് നേടിയെടുത്തു. പെസിച്ചോ റിനോയോ പോലും മാറിനിന്നാലും രുത്താരയില്ലാത്ത ഒരു പ്രതിരോധനിര സാധ്യമല്ലെന്ന അവസ്ഥയുണ്ടായിരുന്നു. മാത്രമല്ല ടീമിലെതന്നെ കൊട്ടിഘോഷിക്കപ്പെട്ട പല കളിക്കാര്‍ക്കും മാതൃകയാക്കാവുന്ന മികവുകളും ഈ മിടുക്കന്‍ പുറത്തെടുത്തു.

രുത്താരയുടെ മികവ് കൃത്യമായി മനസിലാക്കിയിട്ടെന്നവണ്ണം ഒരു മികച്ച തീരുമാനം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എടുത്തിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്ക് അദ്ദേഹവുമായുളള കരാര്‍ നീട്ടുകയാണ് ടീം ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് പോലുള്ള എല്ലാംകൊണ്ടും മികച്ച ഒരു ക്ലബ്ബിന്റെ തണലില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ രുത്താരയ്ക്ക് സാധിക്കുമെന്നും കരുതാം.

DONT MISS
Top