സല്‍മാന്‍ ഖാന്റെ ഭാര്യയാണെന്ന് അവകാശവാദം; യുവതി ഫ്ലാറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു

സല്‍മാന്‍ ഖാന്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് യുവതി താരത്തിന്റെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. സല്‍മാന്റെ ബാന്ദ്രയിലുള്ള വസതിയിലാണ് യുവതി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ സല്‍മാന്‍ ആ സമയം ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല.

റേസ് ത്രീയിലെ നായകന്‍ എന്റെ ഭര്‍ത്താവാണെന്നും ഫ്ലാറ്റില്‍ കയറാന്‍ അനുവദിക്കണം എന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഫ്ലാറ്റിന്റെ ഒന്നാം നിലയില്‍ പ്രവേശിപ്പിച്ച് വാതിലിനടുത്തേക്ക് നടന്നപ്പോള്‍ അലാറം ശബ്ദിക്കുകയും സെക്യൂരിറ്റി ജീവനക്കാന്‍ ഓടിയെത്തി യുവതിയെ തടഞ്ഞു നിര്‍ത്തുകയുമായിരുന്നു.

സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചുവെങ്കിലും താന്‍ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കടത്തി വിടണം എന്നും പറഞ്ഞ് യുവതി ബഹളം വെച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയെ പൊലീസില്‍ ഏല്‍പ്പിച്ചു.

സംഭവത്തില്‍ പരാതി ഇല്ലെന്ന് സല്‍മാന്‍ ഖാന്‍ അറിയച്ചതോടെ പൊലീസ് യുവതിയെ പറഞ്ഞുവിട്ടു. ഇതിനു മുന്‍പും സല്‍മാന്‍ ഖാന്റെ ഭാര്യയാണെന്നും കാമുകിയാണെന്നും പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു.

DONT MISS
Top