ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍: ഫെഡറര്‍-ഡെല്‍പോട്രൊ ഫൈനല്‍

റോജര്‍ ഫെഡറര്‍

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സ്വിസ് താരം റോജര്‍ ഫെഡററും എട്ടാം നമ്പര്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും ഏറ്റുമുട്ടും. ഇന്ത്യന്‍ വെല്‍സില്‍ ആറാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്. ഡെല്‍പോട്രോ തുടര്‍ച്ചയായ രണ്ടാം എടിപി കിരീടമാണ് നോട്ടമിടുന്നത്.

സെമിയില്‍ ഫെഡറര്‍ ക്രൊയേഷ്യയുടെ ബോര്‍ണ കോറികിനെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് കലാശപ്പോരിനെത്തിയിരിക്കുന്നത്. സ്‌കോര്‍ 5-7, 6-4, 6-4. ടൂര്‍ണമെന്റില്‍ ഫെഡറര്‍ വെല്ലുവിളി നേരിട്ട ഏകമത്സരമായിരുന്നു ഇത്. 21 കാരനായ കോറിക് ആദ്യ സെറ്റ് 7-5 ന് നേടുകയും രണ്ടാം സെറ്റില്‍ തുടക്കത്തില്‍ ഫെഡററെ ബ്രേക്ക് ചെയ്ത് മുന്നേറുകയും ചെയ്‌തെങ്കിലും പക്ഷെ വിജയത്തിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം സെറ്റില്‍ 4-2 ന് മുന്നിട്ട് നിന്നെങ്കിലും എട്ടാം ഗെയിമില്‍ തിരികെ ബ്രേക്ക് ചെയ്ത് ഫെഡറര്‍ സ്‌കോര്‍ തുല്യമാക്കി. ഒടുവില്‍ 6-4 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലും ഫെഡററെ ബ്രേക്ക് ചെയ്താണ് കോറിക് തുടങ്ങിയത്. പക്ഷെ തൊട്ടടുത്ത ഗെയിം ബ്രേക്ക് ചെയ്ത് ഫെഡറര്‍ തിരിച്ചടിച്ചു. ഏഴാം ഗെയിമില്‍ ഫെഡററെ വീണ്ടും ബ്രേക്ക് ചെയ്ത് ക്രൊയേഷ്യന്‍ താരം അട്ടിമറിസൂചന നല്‍കി. എന്നാല്‍ അതിന് അധികം ആയുസ് ഉണ്ടായില്ല. എട്ടാം ഗെയിമില്‍ സമനില പിടിച്ചു. ഒടുവില്‍ പത്താം ഗെയിമില്‍ കൊറികിനെ ബ്രേക്ക് ചെയ്ത് ഫെഡറര്‍ മത്സരം സ്വന്തമാക്കി. തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത സ്വിസ് ഇതിഹാസം നിര്‍ണായക സമയത്ത് തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് ഫെഡറര്‍ക്ക് ഒരു സെറ്റ് നഷ്ടപ്പെട്ടത്.

യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ

മറ്റൊരു സെമിയില്‍ കാനഡയുടെ മിലാസ് റവോണികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെല്‍പോട്രോ ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-2, 6-3. കരിയറിലെ 22-ാം സിംഗിള്‍സ് കിരീടമാണ് ഡെല്‍പോട്രോ ലക്ഷ്യമിടുന്നത്. ഒപ്പം തുടര്‍ച്ചയായ രണ്ടാം എടിപി കിരീടവും. നേരത്തെ ഈ മാസമാദ്യം അകാപുല്‍കോയിലും അര്‍ജന്റീനിയന്‍ താരം കിരീടം ചൂടിയിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡെല്‍പോട്രോ ഇവിടെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഏറ്റവും ഒടുവില്‍ 2013 ലായിരിന്നു ഡെല്‍പോട്രോയുടെ ഫൈനല്‍ പ്രവേശം. അന്ന് കലാശപ്പോരില്‍ റഫേല്‍ നദാലിനോട് തോല്‍ക്കാനായിരുന്നു വിധി.

കഴിഞ്ഞ വര്‍ഷത്തെ ബാസില്‍ ഓപ്പണല്‍ ഫൈനലിലായിരുന്നു ഫെഡററും ഡെല്‍പോട്രോയും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത്. അന്ന് 6-7(5-7), 6-4, 6-3 എന്ന സ്‌കോറിന് ഡെല്‍പോട്രോയെ തകര്‍ത്ത് ഫെഡറര്‍ കിരീടം ചൂടിയിരുന്നു.

DONT MISS
Top