രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപ; പത്ത് വര്‍ഷത്തിലധികം ഉപയോഗിക്കാതെ നിര്‍ജ്ജീവമായ അക്കൗണ്ടുകളിലെ തുകയാണ് കണക്കു കൂട്ടിയിരിക്കുന്നത്

ദില്ലി: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപ. എസ്ബിഐയിലാണ് ഏറ്റവും കൂടുതല്‍ പണം അവകാശികളില്ലാതെ കിടക്കുന്നത്. 1262 കോടി രൂപയാണ് ഇവിടെ അവകാശികളെത്താതെ വിവിധ അക്കൗണ്ടുകളിലുള്ളത്. റിസര്‍വ്വ് ബാങ്ക് അധികൃതരാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

പത്ത് വര്‍ഷത്തിലധികമായി ഉടമകളെത്താത്ത അക്കൗണ്ടുകളിലുള്ള തുകയാണ് അവകാശികളില്ലാത്ത പണമായി ബാങ്ക് കണക്കാക്കുന്നത്. സാധാരണയായി ഉടമകള്‍ മരിച്ചുപോകുകയോ മറ്റ് നോമിനികള്‍ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ അവകാശികളില്ലാതാകുന്നത്.

ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ പണം നിക്ഷേപിച്ച ശേഷം പിന്നീട് അന്വേഷിക്കാതിരിക്കുമ്പോഴും ഇങ്ങനെ അവകാശികളില്ലാത്ത പണം കണക്കുകൂട്ടുന്നു. അതേസമയം ബിനാമി അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുകയല്ല ഇതെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

എസ്ബിഐയ്ക്കു ശേഷം തൊട്ടുതാഴെ ഏറ്റവും കൂടുതല്‍ പണമുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. 1250 കോടി രൂപയാണ് ഇവിടെയുള്ളത്. മറ്റ് ബാങ്കുകളില്‍ 7040 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ ബാങ്കുകളിലും 1416 കോടി രൂപ അവകാശികളില്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം നിലവില്‍ അവകാശികളില്ലാത്തതായി കണക്കുകൂട്ടിയിരിക്കുന്ന അക്കൗണ്ടുകളുടെ ഉടമകള്‍ എപ്പോഴെങ്കിലും പണത്തിന് അവകാശ വാദം ഉന്നയിച്ചാല്‍ അത് ലഭിക്കുമെന്നും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരുന്നാല്‍ അക്കൗണ്ട് നിര്‍ജ്ജീവമാകുമെന്നാണ് ബാങ്കുകളുടെ നിയമമെങ്കിലും നിക്ഷേപകര്‍ പണത്തിന് അവകാശമുന്നയിച്ചാല്‍ അതംഗീകരിച്ചു നല്‍കും.

DONT MISS
Top