പാലോട് ഐഎംഎ മാലിന്യപ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പ്രദേശത്ത് നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് വനമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഐഎംഎ നിര്‍മിക്കാനുദ്ദേശിക്കുന്ന ആശുപത്രി മാലിന്യപ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പദ്ധതി ഈ പ്രദേശത്ത് തന്നെ നടപ്പാക്കണമെന്ന തീരുമാനം സര്‍ക്കാരിനില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കുമ്പോഴും ഉദ്യമത്തില്‍ നിന്ന് പിന്മാറാന്‍ ഐഎംഎ തയാറായിട്ടില്ല. അപൂര്‍വ്വ ഔഷധസസ്യങ്ങളുടെയും വന്യമൃഗങ്ങളുടെയും സങ്കേതമെന്ന നിലയില്‍ യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം പിടിച്ച പ്രദേശമാണ് ഈ വനമേഖല.

അധിക ഭക്ഷ്യോത്പാദനത്തിനായി രാജഭരണകാലത്ത് നെല്‍കൃഷിയ്ക്ക് വിട്ടുനല്‍കിയ പ്രദേശമാണ് വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പെരിങ്ങമല എന്ന തുരുത്ത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവിടേക്ക് എത്തിച്ചേരാനും കഴിയില്ല. സര്‍ക്കാരിന് തിരികെ ലഭിക്കേണ്ട സ്ഥലത്ത് അത്തരം നിയമങ്ങളെല്ലാം ലംഘിച്ചാണ് ഏഴേക്കറോളം സ്ഥലം 2011ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രഹസ്യമായി സ്വന്തമാക്കിയത്. അവര്‍ തന്നെ നിയോഗിച്ച സമിതി നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ മാലിന്യപ്ലാന്റിന് അനുയോജ്യമായ സ്ഥലമെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഏഴ് ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മണിക്കൂറില്‍ നാല് ടണ്‍ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യും. മൃതശരീരങ്ങളുള്‍പ്പെടെ 30 ടണ്‍ വീതം മാലിന്യം വഹിച്ച് കണ്ടെയ്‌നര്‍ ലോറികള്‍ ഇടവിടാതെ വനത്തിലൂടെ ചീറിപ്പായും. നാട്ടുകാരുടെ ആശങ്കകള്‍ക്ക് കാരണങ്ങള്‍ നിരവധിയുണ്ട്.

ആയിരത്തിലധികം അപൂര്‍വ്വ സസ്യജന്തുജാലങ്ങള്‍, ആനയുള്‍പ്പെടെ നിരവധി മൃഗങ്ങളുടെ പ്രജനന കേന്ദ്രം, കണ്ടല്‍ ചതുപ്പ് പ്രദേശം, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ നിരവധി നദികളുടെ പ്രഭവകേന്ദ്രം അങ്ങനെ എണ്ണമറ്റ പ്രത്യേകതകള്‍ കൊണ്ടാണ് ഈ വനപ്രദേശം യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്. ജനവാസ മേഖലയല്ലെന്ന് ഐഎംഎ പറയുന്ന പ്രദേശത്തിന് 300 മീറ്റര്‍ അകലെയാണ് ആദിവാസി സെറ്റില്‍മെന്റ് കോളനിയും എസ്‌സി-എസ്ടി കോളനികളുമൊക്കെ. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സംയുക്തമായി നടത്തിവരുന്ന സമരം 77 ദിവസം പിന്നിട്ടു.

മാലിന്യപ്ലാന്റ് പാലോട് തന്നെ നിര്‍മിക്കണമെന്ന് സര്‍ക്കാരിനില്ലെന്നും എന്നാല്‍ എവിടെയെങ്കിലും പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ സബ്മിഷന് മറുപടി നല്‍കിയത്. എന്നാല്‍ കഞ്ചിക്കോട് നിന്നും പ്രതിഷേധമുയര്‍ന്നതോടെ പ്ലാന്റ് മാറ്റിസ്ഥാപിക്കാനുള്ള തിടുക്കത്തിലാണ് ഐഎംഎ.

DONT MISS
Top