നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍: പിസി ജോര്‍ജിന്റേത് സ്ത്രീവിരുദ്ധമായ പരാമര്‍ശമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

ജോസഫൈന്‍, പിസി ജോര്‍ജ്‌

തിരുവനന്തപുരം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയ്‌ക്കെതിരേ പിസി ജോര്‍ജ് നടത്തിയത് സ്ത്രീവിരുദ്ധമായ പരാമര്‍ശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.

നിഷ രചിച്ച ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ നിഷയുടെ ഒരു ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പുസ്തകത്തിലെ വെളിപ്പെടുത്തല്‍. വ്യക്തി ആരെന്ന് തുറന്ന് പറയുന്നില്ലെങ്കിലും സൂചനകളിലൂടെ ഷോണ്‍ ജോര്‍ജ് ആണെന്ന് വ്യക്തമായിരുന്നു. ഇതേക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്കിടെ പിസി ജോര്‍ജ്, നിഷയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചുവെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്.

അതേസമയം, ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേര് നിഷ ജോസ് കെ മാണി വെളിപ്പെടുത്തിയാൽ വനിതാ കമ്മീഷൻ കേസെടുക്കാമെന്നും ജോസഫൈൻ പറഞ്ഞു.

നേരത്തെ, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പക്ഷം പിടിച്ച് നടത്തിയ വാദപ്രതിവാദത്തിനിടെ പിസി ജോര്‍ജ് നടിയെ അപമാനിച്ചുവെന്ന് കാട്ടി വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, നിഷയുടെ പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി നിഷ ജോസ് കെ മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി

അതേസമയം, നിഷയുടെ വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ടെന്നായിരുന്നു ഭര്‍ത്താവ് ജോസ് കെ മാണിയുടെ പ്രതികരണം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും പേര് വെളിപ്പെടുത്തണോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

നിഷയുടെ പുസ്തകത്തിലെ വിവാദമായ ലൈംഗിക അതിക്രമ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് പിസി ജോര്‍ജും വ്യക്തമാക്കി. ഒരു സ്ത്രീക്ക് ഇത്തരത്തില്‍ ഒരു അപമാനം നേരിട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു. അപമാനിച്ചയാളുടെ പേര് പറയാന്‍ കെഎം മാണിയുടെ മരുമകള്‍ തയാറാകണം. ഇല്ലെങ്കില്‍ മാണിയോ ജോസ് കെ മാണിയോ പറയണം. പേര് പറയിക്കാനുള്ള ശ്രമത്തിലാണ് താനെന്നും തന്റെ പരാതി ഡിജിപിക്ക് തിങ്കളാഴ്ച നല്‍കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

DONT MISS
Top