ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയത് എസി മെക്കാനിക്; അടിയന്തര ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

സര്‍ഫറാസ് ഉദ്ദീന്‍

കൊല്‍ക്കത്ത: ഡോക്ടര്‍ എന്ന വ്യാജേന എസി മെക്കാനിക്ക് ആംബുലന്‍സില്‍ കയറിയതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. വിദഗ്ദ ചികിത്സക്കായി രോഗിയെ കൊല്‍ക്കത്തയിലെ ബുര്‍ദ്‌വാനിലെ നഴ്‌സിംഗ് ഹോമില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഡോക്ടര്‍ എന്ന വ്യാജേന എസി മെക്കാനിക്കായ സര്‍ഫറാസ് ഉദ്ദീന്‍ ആംബുലന്‍സില്‍ കയറിപ്പറ്റയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജിത് ദാസാണ് മരിച്ചത്. കടുത്ത പനിയും ശരീര വേദനയുമായാണ് അര്‍ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പനി കുറയാത്തതിനാലാണ് അര്‍ജിത്തിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ആശുപത്രിയുടെ സഹായത്തോടെ 17,000 രൂപ നല്‍കിയാണ് ആംബുലന്‍സ് ലഭിച്ചത്. ആംബുലന്‍സില്‍ ആശുപത്രിയിലെ ഡോക്ടര്‍ ഉണ്ടാകും എന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ വെച്ച് അര്‍ജിത്തിന്റെ നില വഷളായി. എന്നാല്‍ ഡോക്ടര്‍ എന്ന വ്യാജേന കയറിയ സര്‍ഫറാസിന് ജീവന്‍ രക്ഷാ സംവിധാനം ഉപയോഗിക്കാന്‍ അറിയുമായിരുന്നില്ല. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അര്‍ജിത് മരിച്ചിരുന്നു.

സംഭവത്തില്‍ അര്‍ജിത്തിന്റെ വീട്ടുകാര്‍ എസി മെക്കാനിക്കിനെതിരെ പൊലീസില്‍ പരാതി നല്‍കി. സര്‍ഫറാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ അല്ലെന്നും താന്‍ എസി മെക്കാനിക് ആണെന്നും അറസ്റ്റിലായ സര്‍ഫറാസ് പൊലീസിനോട് സമ്മതിച്ചു.

DONT MISS
Top