ഏറ്റവും കൂടുതല്‍ നന്ദി ട്രോളന്‍മാരോട്, അഭിമാന സിനിമയെന്ന് അപ്പയുടെ വാക്ക്; പൂമരം വിശേഷം പങ്കുവെച്ച് കാളിദാസ് ജയറാം

കാളിദാസ് ജയറാം

1988 മെയ്‌ 12… പത്മരാജന്‍ സംവിധാനം ചെയ്ത “അപരന്‍” എന്ന ചിത്രം റിലീസ് ചെയ്ത ദിവസം, അന്ന്‍ വരെ മലയാള സിനിമയ്ക്ക് “അപരന്‍” ആയിരുന്നു ജയറാം. പിന്നീട് മലയാളം-തമിഴ് സിനിമയിലൂടെ ആ അപരന്‍ പ്രമുഖനായി. 2018 ല്‍ അഭിനയ ജീവിതത്തിന്‍റെ 30 ആണ്ട് ആഘോഷിക്കുന്ന ജയറാം മലയാള സിനിമക്ക് നല്‍കിയ സമ്മാനമാണ് കാളിദാസ്‌ ജയറാമെന്ന നായകനെന്നു പറയാം. ഒരു വര്‍ഷം മുന്‍പ് എത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച “പൂമരം” പക്ഷെ പല കാരണങ്ങള്‍ കൊണ്ട് വൈകി. ഒരു വര്‍ഷമായി സിനിമയുടെ റിലീസ് വൈകുന്നത്, അവസാനം റിലീസ് നിളുന്നത്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി, ട്രോളര്‍മാര്‍ സംഭവമേറ്റെടുത്തു. അങ്ങനെ അവ്യക്തതകള്‍ നീക്കി സിനിമ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. കലാപരമായ പടപ്പുറപ്പാടുകളും കലോത്സവാന്തരീക്ഷവും നല്ല പാട്ടുകളുമായി എത്തിയ പൂമരം, ഒരിക്കലെങ്കിലും കലോത്സവത്തിന്‍റെ ഭാഗമായിട്ടുള്ളവർക്ക് വലിയ ഗൃഹാതുരത്വം നൽകുന്ന സിനിമയായിരിക്കും. ആദ്യ മലയാള ചിത്രം വൈകിയപ്പോള്‍ വളരെ ടെന്‍ഷനില്‍ ആയിരുന്ന കാളിദാസ് ജയറാം, സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പുറത്തു വരുന്നതിന്‍റെ സന്തോഷത്തിലാണ്. പൂമരത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് കാളിദാസ് റിപ്പോര്‍ട്ടറോട്.

“പൂമരം” കാളിദാസിന്‍റെ ആദ്യ മലയാള സിനിമ, ആദ്യമായി നായകനായി അഭിനയിച്ച ചിത്രം തിയേറ്ററില്‍ കണ്ട ശേഷം അച്ഛനും അമ്മയും എന്ത് പറഞ്ഞു?

റിലീസ് വൈകുന്നതിന്‍റെ ടെന്‍ഷന്‍ വീട്ടില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എറണാകുളം പത്മ തിയേറ്ററിലാണ് റിലീസ് ദിവസം കുടുംബവുമൊത്ത് സിനിമ കണ്ടത്. പണ്ട് അപ്പക്ക് “അപരന്‍” ഇറങ്ങിയപ്പോള്‍ ഉണ്ടായ ഫീലിങ്ങ്സ്‌ എന്താണെന്ന് ഞാന്‍ മനസിലാക്കിയ ദിവസമാണ് പൂമരം ഇറങ്ങിയ മാര്‍ച്ച്‌ 15. സിനിമ കഴിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീലിങ്ങില്‍ ആയിരുന്നു ഞാന്‍. കലോത്സവ വേദികളില്‍ നിന്ന് ഉയര്‍ന്നു വന്ന ആളാണ് എന്റെ അമ്മ. അതിനാല്‍, പൂമരമെന്ന കലോത്സവ-ക്യാമ്പസ് ചിത്രം അമ്മക്ക് നന്നായി ആസ്വദിക്കാന്‍ പറ്റി. നിനക്ക് ജീവിതത്തില്‍ അഭിമാനിക്കാനും ഓര്‍ത്തു വെക്കാനും പറ്റിയ സിനിമയാണ് ഇതെന്ന് അപ്പ പറഞ്ഞു. രണ്ടു പേര്‍ക്കും നല്ല സന്തോഷമായപ്പോഴാണ് എനിക്ക് ടെന്‍ഷന്‍ കുറഞ്ഞത്‌. സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍ നല്ല സന്തോഷമുണ്ട്.

കാളിദാസ് കുടുംബവുമൊത്ത്

അടുത്ത ചിത്രത്തെ കുറിച്ച്?

അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ്‌ അടുത്തത്. അല്‍ഫോന്‍സ്‌ ചേട്ടന്‍ പറഞ്ഞ കഥ ഇഷ്ടമായി. അപ്പോള്‍ തന്നെ ചെയ്യാമെന്നും പറഞ്ഞു. ചിത്രത്തിന്‍റെ “സ്ക്രിപ്റ്റ്” ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പൂമരം റിലീസ് ടെന്‍ഷന്‍ ഒക്കെ കഴിഞ്ഞു, ഫാമിലിയുമൊത്തുള്ള ഒരു വിദേശ യാത്രക്കുള്ള തയ്യാറെടുപ്പിലാണിപ്പോള്‍, അതിനു ശേഷം പുതിയ ചിത്രത്തിനൊപ്പം ചേരണമെന്നാണ് കരുതുന്നത്.

ഒരു തമിഴ് ചിത്രത്തിലാണ് ആദ്യമായി നായക വേഷത്തില്‍ കാളിദാസന്‍ എത്തിയത്. ഇപ്പോള്‍ പൂമരവുമെത്തി. വീണ്ടും അഭിനയിക്കാന്‍ പോകുന്ന ചിത്രം തമിഴിലാണ്. തമിഴിലാണോ അതോ മലയാളത്തിലാണോ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ ഉദ്യേശം?

അഭിനയിക്കുന്ന കാര്യത്തില്‍ അങ്ങനെ ഒരു ഭാഷ എന്നെനിക്കില്ല . കഥയും കഥാപാത്രവും നോക്കിയായിരിക്കും സിനിമകളെ തെരഞ്ഞെടുക്കുക. ചെന്നൈയില്‍ ജീവിച്ചു വളര്‍ന്നതുകൊണ്ട്‌ മലയാളം പോലെ തന്നെ നന്നായി തമിഴും അറിയാം. ആദ്യമായി എത്തിയ സിനിമ തമിഴില്‍ നിന്നായിരുന്നു. ഇപ്പോള്‍ പൂമരം റിലീസ് ചെയ്തു. നല്ല സംവിധാനം, നല്ല കഥാപാത്രം, നല്ല കഥ അത് മാത്രം നോക്കി സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.

സിനിമ വൈകിയപ്പോള്‍ ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പൂമരത്തെയും കാളിദാസനേയും നന്നായി ട്രോളിയിരുന്നു. ട്രോളുകളെ കുറിച്ച് എന്താണ് പറയാനുള്ളത്?

മറ്റുളവരെ ട്രോളിയപോലെ എന്നെ അവര്‍ ട്രോളിയില്ല, സ്നേഹം കൊണ്ടുള്ള ട്രോളുകള്‍ മാത്രം ആയിരുന്നു പലതും. പല ട്രോളുകളും രസകരമായിരുന്നു. സാധാരണ സിനിമക്കാര്‍ക്ക് കിട്ടാത്ത ഭാഗ്യം അവരില്‍ നിന്ന് എനിക്ക് കിട്ടി. കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന തരത്തില്‍ ഒരു ആക്രമണമൊന്നും എനിക്ക് നേരെ ഉണ്ടായില്ല. വളരെ നന്നായാണ് സിനിമയെ കുറിച്ചും റിലീസ് വൈകുനതിനെ കുറിച്ചും അവര്‍ പ്രതികരിച്ചത്. ഒരു വര്‍ഷം ഈ സിനിമയെ ലൈവാക്കി നിര്‍ത്തിയത് തന്നെ അവരാണ്. പൂമരത്തിന്റെ വിജയത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടതും അവരോടാണ്. രസകരമായി എത്തിയ ട്രോളുകള്‍ എന്‍റെ പേജിലും ഞാന്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.

DONT MISS
Top