വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വനമേഖലകളില്‍ കാട്ടുതീ വ്യാപകമാവുന്നു; ‘കാട് കത്തില്ല കത്തിക്കുന്നതാണെന്ന്’ വനംവകുപ്പും വനത്തെ ആശ്രയിക്കുന്നവരും

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വനമേഖലകളില്‍ കാട്ടുതീ വ്യാപകമാവുന്നു. ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വന്യജീവികളുടെ നിലനില്‍പ്പിനും ഭീഷണിയാകുന്ന കാട്ടുതീ തടയാന്‍ വിപുലമായ ക്രമീകരണങ്ങള്‍ വനംവകുപ്പ് ഒരുക്കുമ്പോഴും നൂറുകണക്കിന് ഹെക്ടര്‍ വനമേഖലയാണ് ഈ വേനലില്‍ മാത്രം കത്തിയമര്‍ന്നത്. കാട്ടുതീ 99 ശതമാനവും മനുഷ്യനിര്‍മിതമാണെന്ന് കണ്ടെത്തുമ്പോഴും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതാണ് ദുരന്തം വീണ്ടുമാവര്‍ത്തിക്കാന്‍ കാരണമാകുന്നത്.

കൊരങ്ങണിമലയില്‍ 16 മനുഷ്യജീവനുകള്‍ പൊലിഞ്ഞതോടെ കാട്ടുതീയുടെ ദുരന്തവും ഭീകരതയും നാട്ടിലേക്കും വ്യാപിക്കുകയാണ്. സംസ്ഥാനത്തെ 36 ഫോറസ്റ്റ് ഡിവിഷനുകളില്‍ ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും അധികം കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വരയാടുകളുടെ കേന്ദ്രമായ രാജമല, മാങ്കുളം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് എന്നിവടങ്ങളിലായി ഇടുക്കിയില്‍ മാത്രം 330 ഹെക്ടര്‍ വനഭൂമി ഇത്തവണ ചാരമായി മാറി.

സംസ്ഥാനത്താകെ ആയിരത്തിലധികം ഹെക്ടര്‍ വനഭൂമിയിലാണ് കാട്ടുതീ പടര്‍ന്നത്. ‘കാട് കത്തില്ല കത്തിക്കുന്നതാണ്’. വനംവകുപ്പിലെ ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ മുതല്‍ നിത്യവൃത്തിയ്ക്ക് വനവിഭവങ്ങളെ ആശ്രയിക്കുന്ന സ്ഥിരപരിചിതര്‍ വരെ ആവര്‍ത്തിക്കുന്ന വാക്കുകളാണിത്.

കാട് കത്തുന്നത് കൊണ്ട് ഗുണം അനുഭവിക്കുന്നവര്‍ തന്നെയാണ് കാട്ടു തീയുടെയും ഉത്തരവാദികള്‍. കസ്തൂരി രംഗന്‍ വിഷയം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട വേനലിലായിരുന്നു വയനാട്ടിലെ ചെമ്പ്ര മലനിര മുഴുവന്‍ നിന്നു കത്തിയതെന്നതും ശ്രദ്ധേയമാണ്. വനം സംബന്ധിച്ച കേസുകളില്‍ പിടിയിലാകുന്നവരും വന്യമൃഗങ്ങളെ ഒഴിവാക്കി സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുമൊക്കെ കാട്ടുതീയുടെ ഗുണഭോക്താക്കളായി മാറുന്നു. വിപുലമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടും ഈ വിപത്ത് തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും ആര്‍ക്കും കഴിയുന്നില്ല.

അപൂര്‍വ ഇനം സസ്യജന്തുജാലങ്ങളാണ് ഒരു തീപ്പൊരികൊണ്ട് വര്‍ഷങ്ങളോളം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടുന്നത്. പ്രത്യുല്‍പ്പാദന ഘട്ടം കൂടിയായ സീസണില്‍ ഓടി രക്ഷപെടാന്‍ പോലും കഴിയാതെ പക്ഷിമൃഗാദികള്‍ ഭൂരിഭാഗവും ചത്തുവീഴും. കുടിവെള്ളത്തിന് പോലും നെട്ടോട്ടമോടുന്ന കാലത്ത് നീരുറവകളുടെയും നദികളുടെയുമെല്ലാം ഉറവക്കണ്ണുകള്‍ പോലും വറ്റിച്ചുകളയുകയാണ് കാട്ടുതീ.

അതില്ലാതാക്കുന്നത് ഉണങ്ങിക്കരിഞ്ഞ മരങ്ങള്‍ മാത്രമല്ല. ശുദ്ധവായുവും ശുദ്ധജലവും പ്രകൃതിയുടെ ആവാസ വ്യവസ്ഥയെയും തന്നെയാണ്. സാങ്കേതികമായ പരസ്യവാചകങ്ങള്‍ക്കപ്പുറം ഈ പ്രത്യഘാതങ്ങള്‍ സമൂഹത്തെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാട്ടുതീയുടെ ചൂട് നാട്ടിലേക്കും വ്യാപിക്കുമെന്നതില്‍ സംശയമില്ല.

DONT MISS
Top