നഴ്‌സുമാരുടെ മിനിമം വേതനം: ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഉപദേശകസമിതി 19 ന് യോഗം ചേരും

സമരം നടത്തുന്ന നഴ്‌സുമാര്‍ (ഫയല്‍ചിത്രം)

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഈ മാസം 19 ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പികെഗുരുദാസന്‍. ഇത് സംബന്ധിച്ച് കൊച്ചിയില്‍ നടന്ന ഹിയറിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ മേഖലയിലെ ആശുപത്രി ഉടമകളുടെ ഹിയറിംഗ് നാളെ തിരുവനന്തപുരത്ത് നടക്കും.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന് പികെ ഗുരുദാസന്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ 200 ലധികം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ കൊച്ചിയില്‍ നടന്ന ഹിയറിംഗില്‍ പങ്കെടുത്തു. ആശുപത്രികളുടെ നിലവിലെ സാഹചര്യം മനസിലാക്കാതെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം നടപ്പാക്കരുതെന്ന ആവശ്യമാണ് ആശുപത്രി മാനേജുമെന്റുകള്‍ ഉന്നയിച്ചത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളാണ് കൊച്ചിയില്‍ നടന്ന ഹിയറിംഗില്‍ പങ്കെടുത്തത്.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിക്കും മിനിമം വേതന ഉപദേശക സമിതി മുതിരില്ല. സമയബന്ധിതമായി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 19 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് സംബന്ധിച്ചും തീയതി സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ പികെ ഗുരുദാസന്‍ പറഞ്ഞു.

50 കിടക്കകളുള്ള ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് 20,000 രൂപയും 100 എണ്ണമുള്ളിടത്ത് 22,500 രൂപയും 200 ലധികം കിടക്കകളുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് 32,000 രൂപയും മിനിമം വേതനമായി നല്‍കണമെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ ആവശ്യം.

DONT MISS
Top