ഐഎസ്എല്‍ ഫൈനലില്‍ നാളെ ചെന്നൈയിന്‍-ബംഗളുരു പോരാട്ടം

ബംഗളുരു, ചെന്നൈയിന്‍

ബംഗളരു: ചെന്നൈയോ ബംഗളരുവോ? നാലാം സീസണില്‍ ആരാകും കിരീടമുയര്‍ത്തുക…? ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇപ്പോള്‍ അലയടിക്കുന്ന ചോദ്യമിതാകും.

ഇക്കുറി സൂപ്പര്‍ ലീഗില്‍ കളിച്ച മികച്ച ടീമുകളിലൊന്നാണ് ചെന്നൈ. ശരാശരിക്ക് മുകളിലായിരുന്നു അവരുടെ പ്രതിരോധവും മധ്യനിരയും മുന്നേറ്റ നിരയും. തീരേ മോശമെന്ന് പറയാന്‍ ആരുമില്ല. സന്തുലിതമായ ടീം. നന്നായി കളിക്കുന്ന ഇടത്തരം വിദേശതാരങ്ങളും അവരോടൊപ്പം നില്‍ക്കാന്‍ അധ്വാനിക്കുന്ന ഇന്ത്യന്‍ താരങ്ങളും. അതിനാല്‍ പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നില്ല. കളത്തിലിറങ്ങിയാല്‍ 90 മിനിറ്റും ടീമിനുവേണ്ടി അധ്വാനിക്കുന്നവര്‍. ‘ടീം മാന്‍’ എന്ന വിശേഷണം ഓരോ കളിക്കാരനുമിണങ്ങും. വെറ്ററല്‍ സൂപ്പര്‍ താരങ്ങളുടെ ഭാരമില്ല എന്നുള്ളതാണ് മറ്റൊരു ഗുണം. ലീഗിന്റെ നാലാം സീസണില്‍ ചെന്നൈ ഫൈനലില്‍ യോഗ്യത നേടാനുള്ള പൊതുകാരണങ്ങളിവയാണ്. ഒരു പക്ഷേ കിരീടം നേടിയാല്‍ അതിനുള്ള കാരണവും ഇതാവും. അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളാനാവില്ല.

പഴയ കണക്കുകള്‍ ഫുട്‌ബോളില്‍ അത്ര പ്രസക്തമല്ലൊണ് വിപുലമായ ചരിത്രം വ്യക്തമാക്കുത്. ഒരു നദിയില്‍ ഒരാള്‍ ഒന്നിലേറേത്തവണ കുളിക്കുന്നില്ല എന്ന് പറയുന്നപോലെ ഒരു ടീമും ഒന്നുപോലെ രണ്ടു മത്സരം കളിക്കുന്നില്ല എന്നും പറയാം. എങ്കിലും അവ അറിഞ്ഞിരിക്കുന്നതില്‍ തരക്കേടുമില്ല.

പ്രാഥമിക റൗണ്ടില്‍ 18 മത്സരങ്ങള്‍ ചെന്നൈ കളിച്ചു. ഇതില്‍ ഒമ്പതു വിജയങ്ങളും അഞ്ചു സമനിലയും നാലു തോല്‍വിയുമടങ്ങുന്നു. രണ്ടുപാദ സെമീഫൈനല്‍ കൂടിയാകുമ്പോള്‍ മത്സരം ഇരുപതാകും. അങ്ങനെ 20 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍. തിരിച്ചുവാങ്ങിയത് 17. ഇവ രണ്ടും തമ്മിലുള്ള അന്തരം ഏഴും. അതത്ര മോശവുമല്ല. ഗോവ (3-2), മുംബൈ (10), നോര്‍ത്ത് ഈസ്റ്റ് (3-1), ബംഗളരു (3-1) എന്നിങ്ങനെയാണ് ചെന്നൈയുടെ തോല്‍വികള്‍. ഇതില്‍ നോര്‍ത്ത് ഈസ്റ്റിനോടുള്ള തോല്‍വി ഒഴിച്ചാല്‍ മറ്റു തോല്‍വികള്‍ മികച്ച ടീമുകളോടുമായിരുന്നു. പ്രാഥമിക റൗണ്ടില്‍ ബംഗളുരുവും ചെന്നൈയും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ 2-1-ന് ചെന്നൈയ്ക്കും, മറ്റൊരിക്കല്‍ 3-1-ന് ബംഗളുരുവിനുമായിരുന്നു വിജയം.

ബംഗളരു 3-1-ന് ജയിച്ച മത്സരത്തില്‍ ചെന്നൈയുടെ ബോള്‍പൊസഷന്‍ 48 ശതമാനവും ബംഗളുരുവിന്റേത് 52 ശതമാനവുമായിരുന്നു. പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കാന്‍ മൂന്ന് തവണയേ ചെന്നൈയ്ക്കായുള്ളൂ. ബംഗളുരു ഏഴുതവണ പോസ്റ്റിനെ ലക്ഷ്യം വച്ചു. എന്നാല്‍ അന്ന് ഏഴുകോര്‍ണറുകള്‍ സമ്പാദിക്കാന്‍ ചെന്നൈയ്ക്കായി. ബംഗളുരുവിന് ലഭിച്ചത് മൂന്ന് കോര്‍ണറുകളും. അപ്പോള്‍ ചെന്നൈയാണ് മത്സരത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയതെന്ന് കാണാന്‍ വിഷമമില്ല. ചെന്നൈ 3-1-ന് തോല്‍ക്കേണ്ട മത്സരമായിരുന്നില്ല അത്. 2-1-ന് ചെന്നൈ ജയിച്ച മത്സരത്തിലാകെ ബോള്‍ പൊസഷന്‍ ചെന്നൈയ്ക്ക് 31-ഉം ബംഗളുരുവിന് 69-ഉം ആയിരുു. എന്നാല്‍ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളില്‍ വന്‍ മുന്നേറ്റം നടത്താന്‍ ചെന്നൈയ്ക്കായി. 16 തവണയാണ് അവര്‍ ലക്ഷ്യത്തിലേക്ക് ബോള്‍ പായിച്ചത്. ബംഗളുരുവാകട്ടെ  എട്ടുതവണയും. ചെന്നൈ അഞ്ചു കോര്‍ണറുകള്‍ നേടിയപ്പോള്‍ ബംഗളുരുവിന് രണ്ടെണ്ണം മാത്രമേ നേടാനായുള്ളു. ഇവിടേയും സമ്മര്‍ദം ചെന്നൈയുടെ ഭാഗത്ത്  നിന്നായിരുന്നു.

ഈ രണ്ടു കളികളുടേയും കണക്കുകള്‍ നല്‍കുന്ന സൂചന അപ്രധാനമല്ല. ബോള്‍ പൊസിഷന്‍ കുറയുമ്പോഴും തുടക്കം മുതല്‍ എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചെന്നൈയ്ക്ക് കഴിയുന്നുണ്ട്. ടീമിന്റെ സന്തുലനത്തെയാണ് ഇത് സൂചിപ്പിക്കുത്. ഒരു പക്ഷേ ഫൈനലില്‍ ബംഗളരുവിനെ ഭയപ്പെടുത്താന്‍ പോകുന്നതും ഇതായിരിക്കും. പ്രാഥമിക റൗണ്ടില്‍ ഗോവയോട് ആദ്യമത്സരത്തില്‍ 3-2-ന് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ഒരു ഗോളിന് ജയിക്കുകയും ചെയ്ത ചെന്നൈ അതില്‍ നിന്ന് ചില പാഠങ്ങല്‍ പഠിച്ചിരുന്നു എന്നാണ്  സെമീഫൈനലിലെ ഇരുപാദ മത്സരങ്ങളും കാണിക്കുന്നത്. രണ്ടിലും ഗോവയ്ക്ക് ജയിക്കാനായില്ല. ആദ്യപാദം 1-1-ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ 3-0-ത്തിന് ആധികാരിക വിജയം നേടാന്‍ ചെന്നൈയ്ക്ക് കഴിയുകയും ചെയ്തു. ഒരു ടീമെന്ന നിലയില്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ടു  എന്നുതന്നെയാണിത് കാണിക്കുന്നത്.

ഇരുപത് മത്സരങ്ങളില്‍ പത്തൊമ്പത് മത്സരം കളിക്കുകയും ഒമ്പത് ഗോളുകള്‍ നേടുകയും ചെയ്ത ജെജെയാണ് അവരുടെ ടോപ് സ്‌കോറര്‍. അതുകഴിഞ്ഞാല്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച പ്രതിരോധത്തിലുള്ള സ്‌പെയിന്‍ താരം ഇനിയോ കാല്‍ഡരനാണ്. മൂന്ന് ഗോളുകളാണ് അയാളുടെ സംഭാവന. രണ്ടു ഗോളുകള്‍ വീതം നേടിയ ആറു താരങ്ങള്‍ കൂടിയുണ്ട്. അതിനര്‍ത്ഥം സ്‌കോറിംഗ് മികവുള്ള കളിക്കാര്‍ എല്ലാ പൊസിഷനിലും ഉണ്ടെന്നുള്ളതാണ്. എവേ ഗ്രൗണ്ടുകളിലാണ് ചെന്നൈ മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അവിടെ ഒമ്പതില്‍ അഞ്ചു വിജയവും രണ്ടു സമനിലയിലും രണ്ടു തോല്‍വിയും. ഹോം ഗ്രൗണ്ടിലാകട്ടെ നാലുവിജയവും മൂന്ന് സമനിലയും രണ്ടു തോല്‍വിയും. ഫൈനല്‍ ബംഗളരുവിന്റെ ഗ്രൗണ്ടിലായതിനാല്‍ ഈ കണക്കുകള്‍ അപ്രധാനമാകുന്നില്ല. എന്ന് മാത്രമല്ല അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.

കൗണ്ടര്‍ അറ്റാക്കിംഗിലെ കൃത്യതയും തന്ത്രങ്ങളുമാണ് ചെന്നൈയുടെ എടുത്തുപറയാവുന്ന മറ്റൊരു മെച്ചം. മിന്നല്‍ പോലെ കടന്നുവരികയും കാലേ തയ്യാറാക്കിയ പദ്ധതി എന്നപോലെ ലക്ഷ്യം കാണുകയും ചെയ്യും. ഐഎസ്എല്ലിന്റെ നാലാം സീസണില്‍ ഗോവയും ഡല്‍ഹിയും മാത്രമാണ് ഇക്കാര്യത്തില്‍ ചെന്നൈയോട് താരതമ്യം ചെയ്യാവുന്ന ടീമുകള്‍. കൗണ്ടര്‍ അറ്റാക്കിന് പോകുമ്പോഴും പ്രതിരോധത്തില്‍ പിഴവു വരുത്താതെ നോക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ബംഗളരു ചെന്നൈയേക്കാള്‍ പിന്നിലാണെന്ന് കാണാം. കൗണ്ടര്‍ അറ്റാക്കിംഗില്‍ ശ്രദ്ധവയ്ക്കാറുണ്ടെങ്കിലും അപ്പോള്‍ ടീം ഒന്നാകെ ശിഥിലമാകാറുമുണ്ട്. കൗണ്ടര്‍ അറ്റാക്കിംഗില്‍ ടീമിനെ ശിഥിലമാക്കാതെ നിലനിര്‍ത്താന്‍ കഴിയുന്നു എന്നത് ഫുട്‌ബോളിലെ വിജയപാഠങ്ങളില്‍ ഒന്നാണ്. കളിക്കാരുടെ വേഗവും, പാസിംഗിലും റിസീവിംഗിലും അവര്‍ പുലര്‍ത്തുന്ന കൃത്യതയും എടുത്തുപറയേണ്ട മറ്റു മേന്മകളാണ്. ഇക്കാര്യം അങ്ങനെ തന്നെ അവകാശപ്പെടാന്‍ ബംഗളുരുവിന് കഴിയില്ല.

ചെന്നൈയെ അപേക്ഷിച്ച് വിജയങ്ങള്‍ ബംഗളുരുവിന് കൂടുതലാണെങ്കിലും പ്രകടനസ്ഥിരതയില്‍ എത്രയോ മുന്നിലാണ് ചെന്നൈ തോറ്റ മത്സരങ്ങളില്‍ പോലും ഇത് ദൃശ്യമായിരുന്നു. ഒരു പരിധിവിട്ട് താഴേക്കുപോകാന്‍ അവര്‍ക്കാവില്ല. ഇതൊക്കെ ഫൈനലില്‍ നിര്‍ണായകമാകും. ബംഗളുരുവിനെ അപേക്ഷിച്ച് മേല്‍ക്കൈ നല്‍കുകയും ചെയ്യും. ഏത് സങ്കീര്‍ണ സന്ദര്‍ഭങ്ങളേയും ആത്മവിശ്വാസത്തോടെ നേരിടുന്ന പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ കരണ്‍ജിത്ത് സിംഗാണ് അവരുടെ പോസ്റ്റില്‍. സൂപ്പര്‍ ലീഗില്‍ രണ്ട് സീസണുകളിലായി 44 മത്സരങ്ങളും ഇന്ത്യക്കുവേണ്ടി 25 മത്സരങ്ങളും കളിച്ചിട്ടുള്ള കരണ്‍ജിത്ത് ചെന്നൈയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. അയാളുടെ ടൈമിംഗും ആന്റിസിപ്പേഷനും റിഫ്ലക്‌സുകളും അത്ഭുതകരമാണ്. ഇക്കാര്യത്തില്‍ ബംഗളുരു ഗോള്‍കീപ്പര്‍ സന്ധുവിനേക്കാള്‍ മികവു പുലര്‍ത്തുന്നുണ്ട് 32-കാരനായ ഈ പഞ്ചാബ് സ്വദേശി. സീസണില്‍ 19 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കരണ്‍ജിത്ത് ഏഴുമത്സരങ്ങളില്‍ ഗോള്‍ വങ്ങിയിട്ടില്ല. സെമിയില്‍ ഗോവയെ മറികടക്കാന്‍ ചെന്നൈയെ സഹായിച്ചതും കരണ്‍ജിത്തായിരുന്നു.

ഡിഫന്റര്‍മാരായ ഹെന്‍ട്രിക്യു സെറോനോ (സ്‌പെയിന്‍), മായില്‍സ അഗുസ്റ്റോ (ബ്രസീല്‍), ഇനിഗോ കാല്‍ഡേഴ്‌സന്‍ (സ്‌പെയിന്‍), ജെറി, കീനാന്‍ അല്‍മേഡിയ (ഇന്ത്യ) എന്നിവര്‍ പ്രതിരോധത്തില്‍ ഏതു സാഹസത്തിനും മുതിരുന്നവരും വിശ്വസ്തരുമാണ്. മാരകമായ ടാക്ലിംഗുകളല്ല. സൗമ്യമായ ഇടപെടലുകളാണ് ഇവര്‍ പ്രതിരോധത്തില്‍ നടത്തുന്നത്. അതിനപ്പുറത്ത് ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ നില്‍ക്കുന്നവരുമാണ്. ഗോവയ്‌ക്കെതിരെയുള്ള സെമിയിലാണ് ഇവര്‍ യഥാര്‍ത്ഥ ഫോമിലേക്കുയര്‍ന്നതും. അതാവര്‍ത്തിക്കാനായാല്‍ ബംഗളുരുവിന് ഒന്നും ചെയ്യാന്‍ കഴിയില്ല.

മധ്യനിരയിലെ ജയ്മിഗാവലിന്‍ (സ്‌പെയിന്‍), ജൂഡ്‌നോര്‍ദോ (നൈജീരിയ), റെനോ മെക്കലിക്ക (സ്ലൊവേനിയ), ധന്‍പാല്‍ ഗണേഷ്, അനിരുദ്ധ് ഥാപ്പ (ഇന്ത്യ) റാഫേല്‍ അഗുസ്റ്റോ (ബ്രസീല്‍), മുന്നേറ്റത്തിലെ ജെജെ, ബോഡോ (ഇന്ത്യ) എന്നിവര്‍ ഏത്പ്രതിരോധവും  പിളര്‍ക്കാന്‍ കഴിയുന്നവരുമാണ്. അങ്ങനെ പെര്‍ഫക്ട് ടീമാണ് ചെന്നൈ. ഫൈനലില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഗ്രൗണ്ടിലിറങ്ങാനുള്ള എല്ലാ വിഭവങ്ങളും അവര്‍ക്കുണ്ട്. അതിലുപരി ഏതു തന്ത്രങ്ങലിലൂടേയും ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശേഷി അവരുടെ പരിശീലകനായ ജോഗ്രിഹറിക്കുണ്ട് വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി 600 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രിഗറി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അസ്റ്റന്‍ വില്ലയുടെ കളിക്കാരനും പരിശീലകനുമായിരുന്നു. സൂപ്പര്‍ ലീഗിന്റെ നാലുവര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ചെന്നൈ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുത്. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് സെമിയില്‍ 4-3-ന് തോറ്റ ചെന്നൈ രണ്ടാം സീസണില്‍ ഗോവയെ 3-2-ന് തോല്‍പ്പിച്ച് കിരീടം നേടി. എന്നാല്‍ നാലാം സീസണില്‍ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നുപോവുകയും ചെയ്തു. ഇക്കുറി അവര്‍ വീണ്ടും കിരീടം ഉയര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തേണ്ടതില്ല.

വിജയങ്ങളിലും പോയിന്റ് നിലയിലും മുകളിലാണെങ്കിലും ചെന്നൈയ്ക്കുള്ള അനുകൂല ഘടങ്ങള്‍ അധികമൊന്നും ബംഗളുരുവിന് അവകാശപ്പെടാനില്ല. വളരെക്കാലമായി ഒരുമിച്ചു കളിക്കുന്നവരാണെങ്കിലും പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് അവര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്ന്. എതിരാളികളുടെ വലയില്‍ 35 ഗോളുകള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പതിനെട്ടണ്ണം മടക്കിവാങ്ങുകയും ചെയ്തു. പ്രാഥമികഘട്ടത്തിലെ പതിനെട്ട് മത്സരങ്ങളില്‍ പതിമൂന്ന് വിജയവും ഒരു സമനിലയും നാല് പരാജയങ്ങളുമാണ് അവരുടെ പട്ടികയില്‍. ഗോവ (4-3), ചെന്നൈ(2-1), ജംഷ്ഡ്പൂര്‍ (1-0), ഡല്‍ഹി (2-0) എന്നിവയാണ് തോല്‍വികള്‍. ഇതില്‍ ഡെല്‍ഹിയോടുള്ള തോല്‍വി ഒരു സൂചനയായിരുന്നു.  കാരണം ചെന്നൈയോട് പലകാര്യങ്ങളിലും സാമ്യമുള്ളൊരു ടീമാണ് ഡല്‍ഹി. ചെന്നൈയെപ്പോലെ സന്തുലിതമായ ടീം. ഛേത്രിയും മിക്കുവും കിണഞ്ഞു പരിശ്രമിച്ചിട്ടും ഡെല്‍ഹിയെ ഒന്ന്  ഭയപ്പെടുത്താന്‍ പോലും ബംഗളരുവിന് കഴിഞ്ഞിരുന്നില്ല. മികച്ച പ്രതിരോധത്തിന് മുന്നില്‍ ബംഗളുരു പതറുമെന്നതിന് ഉദാഹരണം കൂടിയാണിത്. ആ മത്സരത്തില്‍ ഛേത്രിയുടെ സാന്നിധ്യം പോലും ദൃശ്യമായിരുന്നുമില്ല.

ആകെ നേടിയ മുപ്പത്തഞ്ച് ഗോളുകളില്‍ 14 എണ്ണം മിക്കുവും 13 എണ്ണം ഛേത്രിയും സ്‌കോര്‍ചെയ്തതാണ്. അതുപോലെ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ വീണ ആറു ഹാട്രിക്കുകളില്‍ ഒന്നിന്റെ ഉടമ ഛേത്രിയുമാണ്. കരുത്തരായ പൂനൈയ്ക്ക് എതിരേയായിരുന്നു ഹാട്രിക്ക്. ഇതുപക്ഷേ അലസമായി കാണേണ്ട കാര്യമല്ല. എന്നാല്‍ അങ്ങനെയൊരു പ്രകടനം ആവര്‍ത്തിക്കാനുള്ള സ്‌പേസ് ചെന്നൈ നല്‍കിയെന്ന് വരില്ല. ഛേത്രിയേയും മിക്കുവിനേയും മാര്‍ക്ക് ചെയ്യാനുള്ള ശേഷി ചെന്നൈയ്ക്കുണ്ട്. ഫൈനലില്‍ അവരത് കൃത്യമായി നടപ്പാക്കിയാല്‍ ബംഗളുരു നിഷ്പ്രഭമാകും. ജുവാന്‍ (സ്‌പെയിന്‍), ഉപനായകന്‍ കൂടിയായ ജോജോസന്‍ (ഇംഗ്ലണ്ട്), രാഹുല്‍ബെക്കേ, സുബാഷിഷ് ബോസ് (ഇന്ത്യ) എന്നിവരാണ് ഡിഫന്റര്‍മാര്‍. നിര്‍ണായക ഘട്ടങ്ങളില്‍ ആടി ഉലയുന്നു എന്നതാണ് ദൗര്‍ബല്യം. എന്നാല്‍ ഇതിന്റെ കുറവ് നികത്തുന്നത് ഡിമാസ് ഡെലിഗാഡോ (സ്‌പെയിന്‍), എറിക്ക് (ഓസ്‌ട്രേലിയ) എന്നീ മിഡ്ഫീല്‍ഡര്‍മാരാണ്. പക്ഷേ സമ്മര്‍ദം നിലനിറുത്തി കളിക്കുന്നൊരു ടീമിന് മുന്നില്‍ ഇവരുടെ സേവനം പ്രതിരോധത്തിന് ലഭിക്കില്ല.

പൂനൈയ്‌ക്കെതിരെയുള്ള സെമിയുടെ ഒന്നാം പാദം ഇപ്പറഞ്ഞതിന് നല്ല ഉദാഹരണമാണ്. ആ മത്സരത്തില്‍ ഛേത്രിയേയും മിക്കുവിനേയും മാര്‍ക്ക് ചെയ്തു നിര്‍ത്താന്‍ അവര്‍ക്കായി. മത്സരം ഗോള്‍ രഹിത സമനിലയിലുമായി. രണ്ടാം മത്സരത്തില്‍ പൂനൈ അല്‍പം അലസമായി. അത് മുതലെടുക്കാന്‍ ബംഗളുരുവിന് കഴിയുകയും ചെയ്തു. മത്സരം 3-0-ത്തിന് അവസാനിച്ചത് അതു കൊണ്ടായിരുന്നു. അങ്ങനെ ഒരു അലസത ചെന്നൈയില്‍ നിന്ന് ഫൈനലില്‍ പ്രതീക്ഷിക്കാവുതല്ല. ബംഗളരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു മികച്ച ഫോമിലാണ്. സേവിംഗിന്റെ കാര്യത്തില്‍ നാലാം സീസണില്‍ അയാള്‍ ഏറ്റവും മുകളിലുമാണ്. പക്ഷേ കരണ്‍ജിത്ത് സിംഗിനോളം സാങ്കേതികത്തികവ് അവകാശപ്പെടാനുണ്ടോ എന്ന് സംശയം. എങ്കിലും ഗോള്‍ നേടുന്നതില്‍ നിന്നും ചെന്നൈയെ തടയാന്‍ മുഴുവന്‍ കഴിവും അയാള്‍ പുറത്തെടുക്കും.

കളിക്കുന്ന പ്രഥമ സീസണില്‍ തന്നെ കിരീടം നേടി ചരിത്രം സൃഷ്ടിക്കാനാണ് ബംഗളുരു ഒരുങ്ങുന്നത്. മത്സരം സ്വന്തം മൈതാനത്തായതിനാല്‍ അതിന്റെ ആനുകൂല്യവും ലഭിക്കും. പെട്ടെന്ന് ഒരു ടീമായി ഒത്തിണങ്ങാനുള്ള കഴിവ് ചെന്നൈയ്ക്കാണ്. ബംഗളുരുവിന് അതത്ര എളുപ്പവുമല്ല. സ്‌പെയിന്‍കാരനായ ആല്‍ബെര്‍ട്ട് റോച്ചെയാണ് പരിശീലകന്‍. 2001 മുതല്‍ 2006 വരെ ബാഴ്‌സലോണയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു റോച്ചേ. പ്രശസ്തനായ പരിശീകന്‍ റൈക്കാഡിന്റെ സഹായിയായിരുന്നു അദ്ദേഹം. അതിന്റെ മെച്ചം കളത്തില്‍ പ്രകടിപ്പിക്കുന്നുമുണ്ട്.

ചുമ്മാതെ ഒരു പ്രവചനം കൂടി, മത്സരത്തില്‍ ചെന്നൈ 1-0-ത്തിന് ബംഗളരുവിനെ തോല്‍പ്പിക്കാനാണ് സാധ്യത. ടൈബ്രേക്കറിലാണ് കളിയവസാനിക്കുതെങ്കില്‍ ബംഗളുരു കപ്പുയര്‍ത്തും മണിക്കൂറുകള്‍ കൂടി നമുക്ക് കാത്തിരിക്കാം.

DONT MISS
Top