അവിശ്വാസ പ്രമേയത്തെ എല്ലാപ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്‌

വൈഎസ്ആര്‍ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത്‌

ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് തെലുഗ് ദേശം പാര്‍ട്ടി(ടിഡിപി) വ്യക്തമാക്കിയിരുന്നു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാനാകില്ലെന്ന കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് ബിജെപി സഖ്യം വിടുകയാണെന്ന് ടിഡിപി രാവിലെ വ്യക്തമാക്കിയിരുന്നു. നേരത്തെ ടിഡിപി തങ്ങളുടെ രണ്ട് കേന്ദ്രമന്ത്രിമാരെയും സര്‍ക്കാരില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ എതിരാളികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ലോക്‌സഭയിലെ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്.

ഇന്ന് ബഹളത്തെ തുടര്‍ന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുതണ ഇന്ന ലോക്‌സഭ ചേര്‍ന്നെങ്കിലും ബഹളം തുടരുകയായിരുന്നു. അവിശ്വാസപ്രമേയം തിങ്കളാഴ്ച പരിഗണിച്ചേക്കും. പിഎന്‍ബി തട്ടിപ്പ്, ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഐഎഡിഎംകെ, ആര്‍ജെഡി പാര്‍ട്ടി അംഗങ്ങള്‍ ബഹളംവച്ചത്.

അതേസമയം, നാലുവര്‍ഷം പിന്നിട്ട മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെതിരേ ആദ്യമായി അവതരിപ്പിക്കപെടുന്ന അവിശ്വസ പ്രമേയത്തെ പന്തുണയ്ക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിവിധ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അവിശ്വാസം അവതരിപ്പിക്കാന്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. 48 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടിയുടെ കൂടി പിന്തുണ കിട്ടിയതോടെ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാനാകും.

അതേസമയം, വന്‍ഭൂരിപക്ഷമുള്ള കേന്ദ്രസര്‍ക്കാരിന് അവിശ്വാസപ്രമേയം ഒരു വിധത്തിലുള്ള ഭീഷണിയും സൃഷ്ടിക്കില്ലങ്കിലും പൊതുതെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കെ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ കേന്ദ്രത്തിനെതിരേ രൂപപ്പെട്ടുവരുന്നത് ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സിറ്റിംഗ് ലോക്‌സഭാ സീറ്റുകളും നഷ്ടമായിരുന്നു. രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടി(എസ്പി)യാണ് വിജയിച്ചത്. എതിരാളികളായ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുടെ പിന്തുണയോടെയാണ് എസ്പി മത്സരിച്ചത്. ഈ ധാരണ വിജയം കണ്ട സാഹചര്യത്തില്‍ മായാവതിയുടെ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഇതുണ്ടാകുമെന്നും കഴിഞ്ഞദിവസം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ഈ സഖ്യം ബിജെപിക്ക് വന്‍ ഭീഷണിയാണെന്ന് ഉറപ്പാണ്.

ഇതിന് പിന്നാലെയാണ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ ഘടകകക്ഷികളിലൊന്നായ ടിഡിപിയും ബിജെപി പാളയം വിട്ടത്. ഈ സാഹചര്യത്തില്‍ വിവിധ പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും ചേര്‍ന്ന് സഖ്യമുണ്ടാകുന്നത് ബിജെപിക്ക് ഭീഷണിയാണ്. ഇതിനകം തന്നെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചുകഴിഞ്ഞു.

അവിശ്വാസപ്രമേയത്തില്‍ മമതയുടെയും ഇടതുപാര്‍ട്ടികളുടെയും ബിജു ജനതാദളിന്റെയും നിലപാടുകളും പ്രസക്തമാണ്. ഈ പാര്‍ട്ടികള്‍ കൂടി അവിശ്വാസപ്രമേയത്തെ പിന്തുണച്ചാല്‍ ബിജെപി കൂടുതല്‍ ജാഗ്രതകാട്ടേണ്ടിവരുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്. ഈ കക്ഷികളെ കൂടാതെ എന്‍സിപി, ശിവസേന എന്നീപാര്‍ട്ടികളുടെ അവിശ്വാസപ്രമേയത്തിലുള്ള നിലപാടുകളും ശ്രദ്ധേയമാകും.

DONT MISS
Top