ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാനുള്ള ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കര്‍ദിനാളിന്റെ അപ്പീലിലാണ് നടപടി. ഭൂമി ഇടപാടില്‍ പൊലീസിന്റെ തുടര്‍നടപടികള്‍ കോടതി റദ്ദാക്കി.

ഭൂമി ഇടപാടില്‍ പ്രതിരോധത്തിലായിരിക്കുന്ന കര്‍ദിനാളിന് വലിയ ആശ്വാസം നല്‍കുന്നതാണ് വിധി. കേസ് വിശദമായ വാദത്തിനായി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി.

കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിനെതിരെ ഒന്നാം പ്രതിയായ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ടാം പ്രതി ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ എന്നിവരാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

മാര്‍ച്ച് ആറിനാണ് ജസ്റ്റിസ് കമാല്‍ പാഷ കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് വന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ എജിയോട് നിയമോപദേശം തേടിയ ശേഷമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തത്. ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭൂമി ഇടപാട് സഭയിലെ വൈദികരെയും വിശ്വാസികളെയും രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. അങ്കമാലി അതിരൂപതയിലെ വൈദികര്‍ കര്‍ദിനാളിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് രൂപതകളിലെ വൈദികര്‍ കര്‍ദിനാളിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം വിശ്വാസിസമൂഹവും കര്‍ദിനാളിനൊപ്പം അണിനിരന്നിട്ടുണ്ട്.

DONT MISS
Top