ഐഎന്‍എക്‌സ് മീഡിയാ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റിനുള്ള സ്‌റ്റേ നീട്ടി

കാര്‍ത്തി ചിദംബരം

ദില്ലി: ഐഎന്‍എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്‌റ്റേ ദില്ലി ഹെക്കോടതി നീട്ടി. മാര്‍ച്ച് 20 വരെയായിരുന്നു കോടതി അറസ്റ്റ് സ്‌റ്റേ ചെയ്തിരുന്നത്. എന്നാല്‍ മാര്‍ച്ച് 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

മാര്‍ച്ച് ആദ്യ വാരം സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ് കാര്‍ത്തിയുടെ അറസ്റ്റ് കോടതി സ്‌റ്റേ ചെയ്തത്. മാര്‍ച്ച് 20 വരെ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

പ്രമുഖ മാധ്യമവ്യവസായിയായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി നിന്ന കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അക്കാലത്ത് കേന്ദ്രധനമന്ത്രിയായിരുന്ന അച്ഛന്‍ പി ചിദംബരത്തിന്റെ സ്വാധീനം ഉപയോഗിച്ച് 305 കോടി രൂപ വിദേശനിക്ഷേപം ലഭ്യമാക്കുന്നതിനായിരുന്നു കാര്‍ത്തി കൈക്കൂലി വാങ്ങിയത്.

കാര്‍ത്തിക്ക് പല സമയത്തായി പണം കൈമാറിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചു. സഹായത്തിന് പകരമായി മകനെ ബിസിനസില്‍ സഹായിക്കണമെന്ന ചിദംബരം ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top