ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്‍മാര്‍ പാകിസ്താനികള്‍, ലോക സന്തോഷ സൂചികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്താന്‍

ഫയല്‍ ചിത്രം

ദില്ലി: ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ 2018ലെ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സില്‍ [ലോക സന്തോഷ സൂചിക] ഇന്ത്യയെ പുറകിലാക്കി പാകിസ്താന്‍. 156 രാജ്യങ്ങളുടെ പട്ടികയില്‍ 133ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

പട്ടികയില്‍ ഒന്നാം സ്ഥാനം ഫിന്‍ലാന്റിനാണ്. ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയാണ് 156ാം സ്ഥാനത്ത്. സാര്‍ക്ക് രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധം നടക്കുന്ന അഫ്ഗാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് പുറകിലുള്ളത്. 75ാം സ്ഥാനമാണ് പാകിസ്താനുള്ളത്. നേപ്പാള്‍ 101ാം സ്ഥാനത്തും ഭൂട്ടാന്‍ 97ാം സ്ഥാനത്തുമാണ്.

115ാം സ്ഥാനത്ത് ബംഗ്ലാദേശും 116ാം സ്ഥാനത്ത് ശ്രീലങ്കയുമാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട റാങ്കുകള്‍ കരസ്ഥമാക്കിയവരാണ്.പട്ടികയില്‍ അമേരിക്ക 18ാം സ്ഥാനത്തും ബ്രിട്ടന്‍ 19ാം സ്ഥാനത്തും യുഎഇ 20ാം സ്ഥാനത്തുമാണ്.

2017ലെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 122 ആയിരുന്നു. 2016ല്‍ 118ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഓരോ വര്‍ഷവും പട്ടികയില്‍ പിന്നോട്ട് പോവുകയാണ് ഇന്ത്യ. അതേസമയം 2017ല്‍ 80ാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ 2018 75ാം സ്ഥാനം നേടിയാണ് മുന്നോട്ട് കുതിച്ചിരിക്കുന്നത്.

മാര്‍ച്ച് 20ന് ലോക സന്തോഷ ദിനം വരാനിരിക്കെയാണ് യുഎന്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജിഡിപി, ആയുര്‍ദൈര്‍ഘ്യം, ദാനശീലം, അഴിമതിയുടെ അഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ ക്രമപ്പെടുത്തിയിട്ടുള്ളത്.

DONT MISS
Top