ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ്: ഫെഡറര്‍ ക്വാര്‍ട്ടറില്‍

റോജര്‍ ഫെഡറര്‍

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍ 7-5, 6-4. ഇവിടെ ആറാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.

മുപ്പത്തിയാറാം വയസിലും വിജയതൃഷ്ണയോടെ മുന്നേറുന്ന ഫെഡററെ മറികടക്കാന്‍ ചാര്‍ഡിക്ക് കഴിഞ്ഞില്ല. ആദ്യ സെറ്റില്‍ അല്‍പം പൊരുതി നിന്ന ചാര്‍ഡി 7-5 ന് സെറ്റ് കൈവിട്ടു. രണ്ടാമത്തെ സെറ്റില്‍ ഒന്‍പതാം ഗെമയില്‍ ചാര്‍ഡിയെ ബ്രേക്ക് ചെയ്ത ഫെഡറര്‍ സെറ്റും മത്സരവും സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ചുങ് ഹിയോണ്‍ ആണ് ഫെഡററുടെ എതിരാളി.

2018 ലെ തുടര്‍ച്ചയായ 15-ാം വിജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. 2006 ല്‍ 34 ല്‍ 33 മത്സരങ്ങള്‍ ജയിച്ച ശേഷം ഫെഡററുടെ ഏറ്റവും മികച്ച പ്രകടനമാണ് 2018 ലേത്.

നേരത്തെ ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി തന്റെ ഇരുപതാം ഗ്രാന്റ് സ്ലാം സ്വന്തമാക്കിയ സ്വിസ് ഇതിഹാസം റോട്ടര്‍ഡാം ഓപ്പണിലെ കിരീടനേട്ടത്തിലൂടെ ഏറെ നാളിന് ശേഷം ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കിയിരുന്നു.

DONT MISS
Top