ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധു, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍; സൈന പുറത്ത്

പിവി സിന്ധു, കെ ശ്രീകാന്ത്

ബര്‍മിങ്ഹാം: ഇന്ത്യയുടെ പിവി സിന്ധു, കെ ശ്രീകാന്ത് എന്നിവര്‍ ഓള്‍ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം സൈന നെഹ്‌വാള്‍, സായി പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി.

ലോക മൂന്നാം നമ്പര്‍ ശ്രീകാന്ത് ആദ്യ ഗെയിം തോറ്റശേഷമാണ് 23-ാം റാങ്കുകാരനായ ഫ്രാന്‍സിന്റെ ബ്രിസ് ലെവേഡസിനെതിരെ വിജയം കണ്ടത്. സ്‌കോര്‍ 7-21, 21-14, 22-20. ആദ്യ ഗെയിമില്‍ പൊരുതാന്‍ പോലുമാകാതെ ശ്രീകാന്ത് കീഴടങ്ങുകയായിരുന്നു. തുടക്കം മുതല്‍ വ്യക്തമായ ലീഡുമായി മുന്നേറിയ ഫ്രഞ്ച് താരം 21-7ന് ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം 21-14 ന് വിജയം കണ്ടു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഒടുവില്‍ പരിചയസമ്പന്നനായ ശ്രീകാന്ത് 22-20 ന് ഗെയിമും മത്സരവും സ്വന്തമാക്കി.

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേത്രി പിവി സിന്ധുവും ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ആദ്യ റൗണ്ടില്‍ വിജയിച്ചത്. തായിലന്‍ഡിന്റെ പോണ്‍പാവെ ചോചുവോങിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 20-22, 21-17, 21-9. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം പോചുവോങ് നേടി. ഏതാണ്ട് തുല്യപോരാട്ടം തന്നെയാണ് രണ്ടാം ഗെയിമിലും കണ്ടത്. എന്നാല്‍ 21-17 ന് സിന്ധു അത് നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഏകപക്ഷീയമായ വിജയമാണ് സിന്ധു നേടിയത്. എതിരാളിയെ നിഷ്പ്രഭയാക്കിയ സിന്ധു 21-9 ന് ഗെയിമും രണ്ടാം റൗണ്ട് ബര്‍ത്തും നേടി.

അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനോടാണ് സൈന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റത്. സ്‌കോര്‍ 14-21, 18-21

DONT MISS
Top