മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയുമായി പൊലിസ് തെളിവെടുപ്പിനെത്തി

ജോണിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

കൊച്ചി: ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലെ റെക്ടറായിരുന്ന ഫാ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് പൊലീസ് സംഘം ജോണിയുമായി തെളിവെടുപ്പിനെത്തിയത്.

തീര്‍ത്ഥാടന സീസണായതിനാല്‍ വിശ്വാസികളില്‍ നിന്ന് പ്രകോപനമുണ്ടായേക്കുമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് അതിരാവിലെ തന്നെ കപ്യാര്‍ ജോണിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ഫാദര്‍ സേവ്യറിനെ ജോണി കുത്തിയ കുരിശുമലയിലെ കുരിശിന്റെ വഴി നടക്കുന്ന ആറാം സ്ഥലത്താണ് പൊലീസ് ജോണിയെ എത്തിച്ചത്. കൂടാതെ വൈദികനെ കുത്താനായി ജോണി കത്തി സംഘടിപ്പിച്ച കുരിശുമലയ്ക്ക് താഴത്തെ സ്റ്റാളിലും തെളിവെടുപ്പ് നടത്തി. കാക്കനാട് സബ്ജയിലിലായിരുന്ന ജോണിയെ കസ്റ്റഡിയില്‍ വാങ്ങിയാണ് പൊലീസ് രാവിലെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

മലമുകളിലെ തീര്‍ത്ഥാടനപള്ളില്‍ മുപ്പത് വര്‍ഷത്തിലധികം കപ്യാരായിരുന്നു ജോണി. എന്നാല്‍ മദ്യപാനത്തിന്റെ പേരില്‍ ജോണിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മലയിറങ്ങിവരുകയായിരുന്ന ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ ജോണി ഈ മാസം ഒന്നിനാണ് കുത്തിയത്. തുടര്‍ന്ന് കാട്ടിലേക്ക് ഓടിയൊളിച്ച ജോണിയെ പിറ്റേന്നാണ് പൊലീസ് പിടികൂടിയത്.

വൈദികന്റെ ഇടത് കാലിന്റെ തുടയിലാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് നിന്ന് മലയുടെ താഴെയെത്തിച്ച് അങ്കമാലി എല്‍എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്ന് ഫാദര്‍ സേവ്യര്‍ മരിക്കുകയായിരുന്നു. വൈദികനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയല്ല കുത്തിയതെന്നും അദ്ദേഹം മരിച്ചതറിഞ്ഞതിനെ തുടര്‍ന്ന ഒളിവാലായിരുന്ന സമയത്ത് ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നും പിടിയിലായ ജോണി മൊഴി നല്‍കിയിരുന്നു.

ഇതിന് സമാനമായ മൊഴിയാണ് ഇന്നും ജോണി പൊലീസിനോട് പറഞ്ഞത്. അച്ചന്‍ മലയിറങ്ങി വരുന്നത് കണ്ട് മുട്ടികുത്തി നിന്ന് ക്ഷമ ചോദിച്ചെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല തിരുനാള്‍ കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്നും അച്ചന്‍ പറഞ്ഞപ്പോള്‍ ദേഷ്യംവന്നതിനെ തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നുമാണ് ജോണി ഇന്ന് തെളിവെടുപ്പിനിടെയും പൊലീസിനോട് പറഞ്ഞത്. അച്ചനെ കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എല്ലാം വിധിയുടെ വിളയാട്ടം എന്നാണ് ജോണി പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ട ഫാദര്‍ സേവ്യര്‍, പ്രതി ജോണി

സംഭവം നടന്ന അന്ന് രാവിലെ അച്ചനെ ആക്രമിക്കാനുള്ള ഉദ്ദേശത്തില്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്തെങ്കിലും ഒന്നും വേണ്ടെന്നും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഭാര്യ സമാധാനിപ്പിച്ച്‌ ആയുധം പിടിച്ചുവാങ്ങി. എന്നാല്‍ താഴ്വാരത്തെ പള്ളി സ്റ്റാളിനടുത്തു കൂടി കുരിശുമുടിയിലേക്ക് പോകുമ്പോള്‍ സ്റ്റാളില്‍ നിന്നും ഒരു കത്തിയെടുത്ത് എളിയില്‍ തിരുകി. ഇതുപയോഗിച്ചാണ് അച്ചനെ കുത്തിയത്. തെളിവെടുപ്പിനോട് ജോണി പൂര്‍ണ്ണമായും സഹകരിച്ചു. കത്തിയെടുത്ത സ്റ്റാളും ആക്രമണത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ കാടുമെല്ലാം ജോണി പോലീസിന് കാട്ടിക്കെടുത്തു.

അതിനിടെ, ഫാദര്‍ സേവ്യര്‍ തേലക്കാടിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢോലോചന നടന്നിട്ടുണ്ടെന്ന് എറണാകുളം അതിരൂപതിയിലെ വൈദിക സമിതി സംശയമുയര്‍ത്തിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് നടത്തുമെന്നാണ് വിവരം. വൈദികന്‍ മലമുകളിലെ പള്ളിയില്‍ നിന്ന് താഴേക്ക് ഇറങ്ങിവരുന്ന വിവരം കപ്യാര്‍ ജോണി എങ്ങനെ അറിഞ്ഞുവെന്നും സംഭവത്തിന് പിന്നില്‍ മറ്റുചിലയാളുകളുടെ ഇടപെടല്‍ സംശയിക്കുന്നുവെന്നുമായിരുന്നു വൈദികരുടെ ആരോപണം.

DONT MISS
Top