ജാലവിദ്യയിലൂടെ മാനസിക വെല്ലുവിളിയെ പ്രതിരോധിച്ച യുവ മാന്ത്രികന്‍ സുധീഷിന് റോട്ടറി സ്‌കൂളിന്റെ ആദരം

കാസര്‍ഗോഡ് : മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന് ജാലവിദ്യയില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥി കെ.സുധീഷിന് സ്‌കൂളിന്റെ സ്‌നേഹാദരം.

മാന്ത്രികന്‍ ബാലന്‍ നീലേശ്വരത്തിന്റെ ശിക്ഷണത്തില്‍ ചുരുങ്ങിയ സമയത്തിനകമാണ് സുധീര്‍ ജാലവിദ്യ കരസ്ഥമാക്കിയത്. എന്‍എസ്എസ് താലൂക്ക് യൂണിയന്റെ മേഖലാ സമ്മേളനത്തില്‍ മാന്ത്രികനായി അരങ്ങേറ്റം കുറിച്ച ഭിന്നശേഷിക്കാരനായ സുധീഷ് ഇതിനകം പത്തോളം വേദികളില്‍ ജാലവിദ്യ അവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നീലേശ്വരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കുടുംബശ്രീ നടത്തിയ സ്‌നേഹത്തണല്‍ പരിപാടിയിലും സുധീഷ് മാന്ത്രികവിദ്യ അവതരിപ്പിച്ച് ശ്രദ്ധ നേടുകയുണ്ടായി.

റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലൂടെ നാടിന്റെ അഭിമാനമായി മാറിയ സുധീഷിനെ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ പിടിഎയും മാനേജ്‌മെന്റും സ്വാശ്രയ സൊസൈറ്റിയും ചേര്‍ന്ന് അനുമോദിച്ചു.

അജാനൂര്‍ കൃഷി ഓഫീസര്‍ പി.വി.ആര്‍ജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് രാജേഷ് കമ്മത്ത് അദ്ധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം ഉപഹാരവും സ്‌കൂള്‍ ഡയറക്ടര്‍ എം.സി.ജേക്കബ് കാഷ് അവാര്‍ഡും നല്‍കി.

ഈ മാസം 22ന് ഹരിയാനയില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനുള്ള ഹാന്‍ബോള്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോട്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി എം.പി.ഫര്‍സീനെയും ചടങ്ങില്‍ ആദരിച്ചു. സ്വാശ്രയ പ്രസിഡന്റ് സഹന സത്യനാരായണന്‍ ഫര്‍സീന് കാഷ് അവാര്‍ഡ് നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ഡോ.കെ.ജി.പൈ, കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സൈനുദ്ധീന്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി സിബിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

DONT MISS
Top