ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി ജിഷ്ണുദേബ് ബര്‍മന് ജയം

ജിഷ്ണുദേബ് ബര്‍മന്‍

അഗര്‍ത്തല: ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി ജിഷ്ണുദേബ് ബര്‍മന് വിജയം. കോണ്‍ഗ്രസിന്റെ അര്‍ജുന്‍ ദേബ് ബര്‍മനെ 26, 510 വോട്ടുകള്‍ക്കാണ് ജിഷ്ണു തോല്‍പ്പിച്ചത്. മാര്‍ച്ച് 12 നായിരുന്നു ചാരിലാം മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാനത്താകമാനം അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് സിപിഐഎം തെരഞ്ഞടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാമചന്ദ്രനാരായണ്‍ ദേബ് ബര്‍മ പ്രചരണത്തിനിടെ മരിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. മാര്‍ച്ച് 12 ന് നടന്ന വോട്ടെടുപ്പില്‍ 78.45 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ചാരിലാം മണ്ഡലത്തിലെ വിജയത്തോടെ ത്രിപുര നിയമസഭയിലെ ബിജെപിയുടെ അംഗബലം 36 ആയി ഉയര്‍ന്നു. ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ അംഗബലം 44 ആയും ഉയര്‍ന്നു. സിപിഐഎമ്മിന് 16 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ പത്ത് സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.

മാര്‍ച്ച് ഒന്‍പതിനായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 25 വര്‍ഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ വിജയം. വിജയത്തിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകഅക്രമം അഴിച്ചുവിട്ടിരുന്നു. സംസ്ഥാനത്ത് രണ്ടിടത്ത് ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുകയും സിപിഐഎം ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top