കര്‍ണാടകയെ ഉപദേശിക്കാന്‍ കൂടുതല്‍ സമയം കളയേണ്ട: യോഗിയോട് സിദ്ധരാമയ്യ

സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടക സര്‍ക്കാരിനെ വികസനം പഠിപ്പിക്കാന്‍ കൂടുതല്‍ സമയം കളയേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റ് നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗിക്ക് സിദ്ധരാമയ്യയുടെ ഉപദേശം.

വികസനകാര്യത്തില്‍ കര്‍ണാടകയെ ഉപദേശിക്കാന്‍ യോഗി ആദിത്യനാഥ് കൂടുതല്‍ സമയം കളയേണ്ട എന്നായിരുന്നു സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ലോക്‌സഭാ സീറ്റുകളില്‍ വന്‍നാണക്കേടാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ചരിത്രപരമായ വിജയത്തില്‍ എസ്പിയെയും ബിഎസ്പിയെയും അഭിനന്ദിക്കുന്നു. ബിജെപി വിരുദ്ധരുടെ ഐക്യമാണ് വിജയത്തില്‍ നിര്‍ണായകമായത്. സിദ്ധരാമയ്യ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടയില്‍ ബിജെപിയുടെ സ്റ്റാര്‍ കാംപെയിനറാണ് യോഗി. ഇതിനോടകം രണ്ട് തവണ സംസ്ഥാനത്ത് പര്യടനം നടത്തിയ യോഗി സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. കര്‍ണാടകയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ വിമര്‍ശനം. ഇതിന് സിദ്ധരാമയ്യ മറുപടിയുമായി രംഗത്തെത്തിയിരുന്നു. യുപിയിലെ പട്ടിണി മരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കര്‍ണാടകയിലെ കര്‍ഷക ആത്മഹത്യ ഉയര്‍ത്തിക്കാട്ടിയായിരുന്നു യോഗിയുടെ വിമര്‍ശനം.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം രാജിവെച്ചതോടെയാണ് ഗൊരഖ്പൂരിലും ഫുല്‍പൂരിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയമാണ് സ്വന്തമാക്കിയത്. ബിഎസ്പി പിന്തുണയോടെയായിരുന്നു എസ്പി രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചത്.

DONT MISS
Top