ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസ് എടുക്കാന്‍ വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടില്‍ കേസ് എടുക്കണമെന്ന ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയതിന് സര്‍ക്കാരിനും പൊലീസിനും തുടര്‍ച്ചയായ രണ്ടാം ദിവസവും ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി ഉത്തരവ് ഉണ്ടായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ടാണ് നാലുദിവസം വൈകിയതെന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു.

വിധിപ്പകര്‍പ്പ് കിട്ടിയതിന്റെ അടുത്ത ദിവസം കേസ് എടുക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം, കേസ് എടുത്തതിനാല്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

അവധി ദിവസങ്ങള്‍ ആയതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണത്തെ കോടതി വിമര്‍ശിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലേ എന്ന് കോടതി ആരാഞ്ഞു.

വിഷയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡിജിപിക്ക് പകരം അദ്ദേഹത്തിന്റെ ഓഫീസിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ഹാജരായത്.

കേസ് എടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

DONT MISS
Top