ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ദിനത്തില്‍ പാതിരാകുര്‍ബാന അര്‍പ്പിക്കാതിരുന്നത് വിശ്വാസികളുടെ ഭീഷണിയെ തുടര്‍ന്ന്; കര്‍ദിനാളിനെ ഇവര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ദിനത്തില്‍ പാതിരാകുര്‍ബാന അര്‍പ്പിക്കാഞ്ഞത് വിശ്വാസികളുടെ ഭീഷണിയെ തുടര്‍ന്ന്. ക്രിസ്തുമസ് തലേന്ന് ഒരു സംഘം ആളുകള്‍ കര്‍ദിനാളിന്റെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം എത്തിയത്. കര്‍ദിനാളിനെ ഇവര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനും മുമ്പായിരുന്നു ഒരു സംഘം യുവതീയുവാക്കള്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എത്തി കര്‍ദിനാളിനെ ചോദ്യം ചെയ്തത്. ആറുപേരിലധികം വരുന്ന സംഘമാണ് കര്‍ദിനാളിന്റെ മുറിയില്‍ കടന്ന് ഭൂമി വില്‍പ്പന സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ ഇവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കര്‍ദിനാള്‍ തയ്യാറായില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ വൈദീക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അതിനു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു കര്‍ദിനാള്‍ പറഞ്ഞത്. എന്നാല്‍ ഇതംഗീകരിക്കാതെ ഭീഷണിയുടെ സ്വരമായിരുന്നു ചോദ്യം ചെയ്യാനെത്തിയവരുടേത്. ഇതോടെ കര്‍ദിനാള്‍ നിസഹായനായി എഴുന്നേറ്റു പോകുകയായിരുന്നു.

തുടര്‍ന്ന് ഇതിന്റെ ആഘാതമെന്നോണം കര്‍ദിനാള്‍ പാതിരാകുര്‍ബാനയില്‍ പങ്കെടുത്തില്ല. രോഗബാധിതനായതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമമം നിര്‍ദേശിച്ചിരുന്നു എന്നായിരുന്നു സഭയുടെ വിശദീകരണം. അതേസമയം കര്‍ദിനാളിനെ ചോദ്യം ചെയ്യാനെത്തിയ പലരും രൂപതാംഗങ്ങള്‍ പോലുമല്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

DONT MISS
Top