ആക്ടീവ 5ജി എത്തുന്നു; മാറ്റങ്ങളോട് മുഖം തിരിക്കാതെ ഹോണ്ട

അത്ഭുത സ്‌കൂട്ടറാണ് ആക്ടീവ. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മോഡല്‍. സുസുക്കി ആക്‌സസിനോ മറ്റ് എതിരാളികള്‍ക്കോ ആക്ടീവയെ പിടിച്ചുകെട്ടാനായിട്ടില്ല. എന്നാല്‍ ടിവിഎസ് ജൂപ്പിറ്ററും ഹീറോ മാസ്‌ട്രോയും രംഗത്തെത്തിയതുമുതല്‍ അത്ര പന്തിയല്ല കാര്യങ്ങള്‍. പലപ്പോഴും ആക്ടീവ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കുമുന്നില്‍ മറ്റ് ഒപ്ഷനുകളും കടന്നുവരുന്നു.

എന്നാല്‍ കാലത്തിനൊത്ത മാറ്റവുമായി ആക്ടീവ അഞ്ചാം തലമുറ എത്തുകയാണ്. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച പുതിയ മോഡല്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഉടന്‍തന്നെ മോഡല്‍ ഷോറൂമുകളിലും എത്തും. 52,460 രൂപയാണ് സ്റ്റാന്‍ഡാര്‍ഡ് വേരിയന്റിന്റെ വില. ഡീലക്‌സ് മോഡലിന് 54,325 രൂപയാകും.

എന്താണ് മാറ്റം എന്നുചോദിച്ചാല്‍ കാര്യമായ ചിലതുണ്ട് എന്നുതന്നെ പറയേണ്ടിവരും. എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണ് പ്രധാന മാറ്റം. ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോളാണ് മറ്റൊന്ന്. സ്പീഡോ മീറ്റര്‍ പഴയതുതന്നെ. ഫോര്‍ ഇന്‍ വണ്‍ കീ സംവിധാനം വഴി കീ ഊരാതെ സീറ്റ് തുറക്കാം. ഇങ്ങനെ ഒരുപിടി സവിശേഷതകള്‍ പുതിയ 5ജി പതിപ്പിനുണ്ട്.

എന്നാല്‍ ഇപ്പോഴും പെട്രോളടിക്കാന്‍ സീറ്റില്‍നിന്ന് ഇറങ്ങണം എന്ന പോരായ്മ അവശേഷിക്കുന്നു. മാസ്‌ട്രോയും ജൂപ്പിറ്ററും വിറ്റുപോയത് ഈ മേന്‍മകൊണ്ടുകൂടിയാണെന്ന് ഓര്‍ക്കണം. സസ്‌പെന്‍ഷന്‍ മെച്ചപ്പെടുത്താനും ഹോണ്ട മുതിര്‍ന്നിട്ടില്ല.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ക്ക് മാറ്റമില്ല. 8 ബിഎച്ച്പി കരുത്ത് പകരുന്ന 110 സിസി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ 83 കിലോമീറ്ററാണ് പരമാവധി വേഗത.

DONT MISS
Top