ഹോക്കിങ്: നിരീശ്വരവാദി, ഐന്‍സ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞന്‍, കാലത്തിന് മുന്‍പേ ജനിച്ച അത്ഭുത മനുഷ്യന്‍


“ഭൂമിയിലുള്ള സ്ഥലം കുറഞ്ഞുവരികയാണ്. പോകാനുള്ളത് മറ്റ് ഗ്രഹങ്ങളിലേക്കുമാത്രം. മനുഷ്യന്‍ ഭൂമിയെ ഉപേക്ഷിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട”. ഇത്രയും ആധികാരികമായി പറയുവാന്‍ സാധിക്കുന്ന ഒരാള്‍ ഇന്നലെവരെ ഇവിടുണ്ടായിരുന്നു. ഐന്‍സ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ അത്രയും കാര്യങ്ങള്‍ മനുഷ്യന്റെ ഭാവിയേപ്പറ്റി പറഞ്ഞവര്‍ കുറവാണ്.

കൂടിപ്പോയാല്‍ 100 വര്‍ഷം. അത്രയും നാള്‍ മാത്രമേ സുരക്ഷിതമായി ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യരാശിക്ക് സാധിക്കൂ എന്ന് ഹോക്കിങ് തീര്‍ത്തുപറഞ്ഞു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലേക്കുമാത്രമല്ല, ചൊവ്വയിലേക്കും മനുഷ്യരെ അയയ്ക്കണം, അവയേക്കുറിച്ച് പഠിക്കണം. മനുഷ്യരാശിയെ പറിച്ചുനടാനും നിലനിര്‍ത്താനും മാര്‍ഗങ്ങള്‍ തേടണം. അതിനായി ലോകരാജ്യങ്ങള്‍ ഒരുമിച്ച് പദ്ധതികള്‍ തയാറാക്കണം. അത്രത്തോളം വിശാലമായിരുന്നു ഹോക്കിങിന്റെ മനസിന്റെ അതിരുകള്‍.

റോജന്‍ പെന്റോസിന്റെ തമോഗര്‍ത്ത സിദ്ധാന്തങ്ങളാണ് സ്റ്റീഫന്‍ ഹോക്കിങിനെ തമോഗര്‍ത്തങ്ങളുടെ ചിന്തകളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്. നേരത്തേതന്നെ തമോഗര്‍ത്തങ്ങളേക്കുറിച്ച് ചിന്തിച്ചിരുന്ന ഹോക്കിങ് ഇതൊരു വഴിത്തിരിവായിരുന്നു. പെന്‍ റോസുമായി ചേര്‍ന്നുകൊണ്ട് പ്രപഞ്ചം ഉണ്ടായതിനേക്കുറിച്ച് പുതിയ സിദ്ധാന്തം ഹോക്കിങ് മുന്നോട്ടുവച്ചു. പ്രപഞ്ചത്തിന്റെ ആരംഭത്തേക്കുറിച്ച് ഹോക്കിങ് മുന്നോട്ടുവച്ച ആശയങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പൂജ്യം വ്യാപ്തമുള്ള ഒരു ബിന്ദുവില്‍നിന്നാണ് പ്രപഞ്ചാരംഭം എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്ന മതത്തിന്റെ കാഴ്ച്ചപ്പാടുകളെ ഹോക്കിങ് നിര്‍ദയം പരിഹസിച്ചു. പ്രപഞ്ചാരംഭത്തിന് മുന്നേ സമയം എന്നൊന്ന് ഇല്ലായിരുന്നുവെന്ന് അദ്ദേഹം സ്ഥാപിച്ചു. ഗണിത വാക്യങ്ങളുടെ സഹായത്തോടെയും അദ്ദേഹത്തിന്റെ വാദങ്ങള്‍ തെളിയിക്കാനായി.

പുതുസിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചതോടെ സമ്മതനായ ഹോക്കിങ് 1974ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി. നാല് വര്‍ഷം കഴിയും മുന്‍പേ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ് വിഭാഗത്തില്‍ അദ്ദേഹം സേവനം ചെയ്തുതുടങ്ങി. പിന്നീടും ഭൗതിക ശാസ്ത്രത്തിലെ മുന്നേറ്റങ്ങളില്‍ ഹോക്കിങ് പങ്കാളിയായി. ഓരോ വാക്കുകകള്‍ക്കും ലോകം കാതോര്‍ത്തു. നേരിട്ട് ശ്രവിക്കുന്നത് വിദ്യാര്‍ത്ഥികള്‍ ഭാഗ്യമായി കരുതിത്തുടങ്ങി. എന്നാല്‍ ജീവിതത്തില്‍ ലഭിച്ച ഉയര്‍ച്ചകളൊന്നും ഹോക്കിങിലെ അസാമാന്യ പ്രതിഭയെ പിന്നോട്ടുവലിച്ചില്ല. എല്ലാ കാര്യത്തിലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പിന്‍ഗാമിയായിരുന്നു അദ്ദേഹം.

2004ല്‍ അദ്ദേഹം മുന്നോട്ടുവച്ച ബ്ലാക് ഹോള്‍ സിദ്ധാന്തം ശാസ്ത്ര ലോകത്തിന് വഴികാട്ടിയായി. അന്നുവരെ ബ്ലാക്‌ഹോളുകളേപ്പറ്റി കരുതപ്പെട്ടുപോന്നവയിലെ ശരിയും തെറ്റും അദ്ദേഹം വേര്‍തിരിച്ചു. അദ്ദേഹം പോലും ശരി എന്ന് അത്രനാള്‍ കരുതിയിരുന്ന സിദ്ധാന്തങ്ങള്‍ അദ്ദേഹം മിനുക്കി. തമോഗര്‍ത്തങ്ങളിലേക്ക് കടക്കുന്നതും അതില്‍നിന്ന് പുറത്തുവരുന്നവയും തമ്മിലുള്ള ബന്ധം അദ്ദേഹം ലളിതമായി വിശദീകരിച്ചു. തമോഗര്‍ത്തത്തിലേക്ക് പോകുന്നവയുടെ വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല, അവ പിന്നീടും വായിച്ചെടുക്കാം എന്ന് ഹോക്കിങ് സ്ഥാപിച്ചു. എന്നാല്‍ ഇന്നും അവ മനസിലാക്കാനുള്ള സാഹചര്യം ശാസ്ത്രലോകത്തിന് പൂര്‍ണമായും ലഭിച്ചിട്ടില്ല. പിന്നീട് ബ്ലാക് ഗോളുകളല്ല, ഗ്രേ ഹോളുകളാണ് യഥാര്‍ഥത്തില്‍ ഉള്ളത് എന്നും ഹോക്കിങ് പറഞ്ഞുവച്ചു.

ഇതുപോലെ അനേകം ഭൂമികളും അവയില്‍ മനുഷ്യനേക്കാള്‍ വികസിതമായ ജീവികളും ഉണ്ടെന്നുള്ളതില്‍ ഹോക്കിങിന് ഒരു സംശയവും ഉണ്ടായില്ല. മനുഷ്യന്‍ അന്യഗ്രഹ ജീവികളെ ഏത് രീതിയില്‍ സമീപിക്കണം, എങ്ങനെയാവണം കാഴ്ച്ചപ്പാട് എന്നിവയിലെല്ലാം കൃത്യമായ ആശയങ്ങള്‍ തരാന്‍ അദ്ദേഹത്തിന് സാധിച്ചു. കൊളംബസിനെ സ്വീകരിച്ച തദ്ദേശീയരായ അമേരിക്കാര്‍ക്ക് പിണഞ്ഞത് പലതവണ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഥികളായി എത്തിയവര്‍ അവിടം കീഴടക്കും. എന്നാല്‍ സിനിമകളില്‍ കാണുന്നതുപോലെ തെരഞ്ഞുപിടിച്ച് കൊല്ലുകയൊന്നും ആകില്ല അന്യഗ്രഹ ജീവികളുടെ രീതി. അവര്‍ ഭൂമിയിലെ മനുഷ്യവാസം അവസാനിപ്പിക്കും. അതിനാല്‍ ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന് തെരയുന്നതുപോലും കരുതലോടെയാകണം. ബഹിരാകാശത്തുനിന്നുമെത്തുന്ന അജ്ഞാത സിഗ്നലുകള്‍ക്ക് മറുപടി നല്‍കരുത്. ഒരുപക്ഷേ നമ്മേക്കാള്‍ നൂറുകോടി വര്‍ഷം കൂടുതല്‍ മുന്‍പിലാകും അവര്‍. അങ്ങനെയല്ലെന്നുമാകാം. ഇങ്ങനെയെല്ലാം അന്യഗ്രഹ ജീവികളെ കണ്ണുമടച്ച് സ്വീകരിക്കുകയോ അവരുമായി ബന്ധപ്പെടുകയോ ചെയ്യരുതെന്ന മുന്നരിയിപ്പും അദ്ദേഹം നല്‍കി.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരു ശാസ്ത്ര സന്ദേഹിയുടെ എല്ലാ സംശയങ്ങളും അകറ്റുന്നുണ്ട്. മതങ്ങളുടെ ശവപ്പെട്ടിയിലടിച്ച അവസാന ആണിയായിരുന്നു എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. പ്രപഞ്ചം എന്നാല്‍ എന്താണ്, എങ്ങനെയുണ്ടായി അത്, നിലവില്‍ പ്രപഞ്ചം ഏത് അവസ്ഥയിലാണ്, എന്താണ് സമയവും സമയത്തിന്റെ പ്രപഞ്ചത്തിലെ സ്വാധീനവും, സമയത്തിന് പിന്നോട്ട് പോകാന്‍ സാധിക്കുന്നത് എങ്ങനെ, എങ്ങനെ പ്രപഞ്ചം അടുക്കും ചിട്ടയിലും മുന്നോട്ടുപോകുന്നു തുടങ്ങി ഒരു ശാസ്ത്ര വിദ്യാര്‍ത്ഥി നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കാര്യങ്ങളെല്ലാം അദ്ദേഹം ഈ പുസ്തകത്തില്‍ ചുരുക്കിപ്പറയുന്നു. കുട്ടികള്‍ക്കായി ഇവ ലളിതമായി പറയുന്ന പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ബുദ്ധി രാക്ഷസന്മാര്‍ എന്ന് ലോകം വാഴ്ത്തുന്ന മറ്റുപലരേയും പോലെ ഹോക്കിങും മതങ്ങളേയും മതം സൃഷ്ടിച്ച ദൈവം എന്ന കഥാപാത്രത്തേയും തമാശയായി കണ്ടു. പലപ്പോഴും വിദ്യാര്‍ത്ഥികളോടും മറ്റുള്ളവരോടും ദൈവം എന്ന സംഗതിയുടെ കഥയില്ലായ്മ അദ്ദേഹം വിവരിച്ചു. മാധ്യമങ്ങളുടെ മുന്നില്‍ സംവാദത്തിന് തയാറായി. ദൈവത്തിലേക്ക് എത്തുന്ന കഥകള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിന് ഇന്ന് സാധിക്കുമെന്ന് ബോധ്യപ്പെടുത്തി. അതുകൊണ്ടുതന്നെ മതം വിറ്റ് ജീവിക്കുന്നവരുടെ കണ്ണിലെ കരടായി ഹോക്കിങ് മാറി. അദ്ദേഹത്തിന്റെ മരണം പോലും മതത്തിന് അടിമകളായവര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്. ദൈവം എന്ന കഥാപാത്രം പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഹോക്കിങ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ നാവുയര്‍ത്തുക സാധ്യമായിരുന്നില്ല.

അറവിന്റെ ഏറ്റവും വലിയ ശത്രു അജ്ഞതയല്ല, മറിച്ച് അത് അറിവിനേക്കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്ന് ഹോക്കിങ് പറഞ്ഞു. അജ്ഞതയുള്ളവര്‍ക്ക് അറിവുനേടാം. എന്നാല്‍ ശരിക്കുള്ള അറിവ് എന്നതില്‍ തെറ്റിദ്ധാരണ പുലര്‍ത്തുന്നവര്‍ക്ക് അറിവ് നേടാന്‍ വിയര്‍ക്കേണ്ടിവരും. മനുഷ്യന്‍ നിലവിലുള്ള നേട്ടങ്ങളും കണ്ടുപിടുത്തങ്ങളും മനസിലാക്കി അറിവുകളും ചിന്തകളും അപ്‌ഡേറ്റ് ചെയ്യണം എന്നതും ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവ മതങ്ങളുമായി അദ്ദേഹം ബന്ധിപ്പിച്ചു. നിലവില്‍ മതപുസ്തകങ്ങളില്‍ പറഞ്ഞത് വിശ്വസിക്കുക എന്നതല്ല മനുഷ്യന്‍ ചെയ്യേണ്ടത് എന്നും ശാസ്ത്രം പറയുന്നതനുസരിച്ച് ചിന്തിക്കാനാരംഭിക്കുകയാണ് വേണ്ടത് എന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി ഒരു ജീവിയുടെ വിവേകം അല്ലെങ്കില്‍ ബുദ്ധി എന്നത് മാറ്റങ്ങളെ അംഗീകരിക്കാനും അതിനനുസരിച്ച് പരുവപ്പെടാനുമുള്ള കഴിവാണ് എന്ന ഹോക്കിങിന്റെ അഭിപ്രായം പ്രശസ്തമാണ്.

ഹോക്കിങ് ഭൗതികശാസ്ത്രകാരനായതുകൊണ്ടുതന്നെ ഹോക്കിങിന്റെ ആശയങ്ങള്‍ക്കുതന്നെയാണ് പ്രസക്തി. ഹോക്കിങിനല്ല, അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കാണ് മഹത്വം. എന്നാല്‍ മനുഷ്യരാശിയുടെ അവസാനംവരെ ഹോക്കിങിനെ പരാമര്‍ശിക്കാതെ മനുഷ്യരാശിയുടെ മുന്നേറ്റം വിവരിക്കുക സാധ്യമല്ല. ചരിത്രത്തിന്റെ താളുകളില്‍ ഇനിയെത്ര നേട്ടങ്ങള്‍ മനുഷ്യന്‍ സ്വന്തമാക്കിയാലും സൗരയൂഥങ്ങള്‍ കടന്നോ സമയത്തിന് പിന്നിലേക്കോ മനുഷ്യന്‍ യാത്ര ചെയ്താലും നിരങ്ങുന്ന കസേരയില്‍ സഞ്ചരിച്ച ഈ മനുഷ്യന്റേതാവും അവസാന ചിരിയെന്നുറപ്പ്.

DONT MISS
Top