ഗൊരഖ്പൂരും ഫുല്‍ഫൂരും മുന്നറിയിപ്പുകള്‍, അപ്രതീക്ഷിത തോല്‍വിയില്‍ അടിപതറി ബിജെപി

ബിജെപിയെ സംബന്ധിച്ച് ഏറെ അപ്രതീക്ഷിതമായിരുന്നു ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന ഗൊരഖ്പൂരും ഫുല്‍പൂരും പാര്‍ട്ടിയ്ക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. 2019ല്‍ രാജ്യം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ സ്വപ്‌നത്തിനേറ്റ കനത്ത തിരിച്ചടിയായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

ചെങ്കോട്ടയായ ത്രിപുരയുള്‍പ്പെടെയുള്ള വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസം എന്തുകൊണ്ടോ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയ്ക്ക് തുണയായില്ലെന്നത് എന്നും ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. നരേന്ദ്രമോദിയുടെ പിന്‍ഗാമിയെന്ന് പാര്‍ട്ടിയില്‍ രഹസ്യമായും പരസ്യമായും വിശേഷിപ്പിക്കപ്പെട്ടിരുന്ന യോഗി ആദിത്യനാഥിനെ സംബന്ധിച്ച് ഈ തോല്‍വിയ്ക്ക് മറുപടി നല്‍കേണ്ടിവരും.

വോട്ടിംഗിന്റെ തുടക്കത്തില്‍ ഭരണകക്ഷിയായ ബിജെപി മുന്നിട്ടുനിന്നെങ്കിലും അത് നിലനിര്‍ത്താന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല എന്നത് വരും തെരഞ്ഞെടുപ്പുകളില്‍ പോലും ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ യുപിയിലെ 80 സീറ്റുകളില്‍ എഴുപത്തൊന്നും നേടിയായിരുന്നു ബിജെപി വിജയകൊടി പാറിച്ചത്. എന്നാല്‍ ആ വിജയം ഇത്തവണ പാര്‍ട്ടിയ്ക്ക് ആവര്‍ത്തിക്കാനായില്ല.

യോഗി ആദിത്യനാഥ്‌

ബിജെപിയെ സംബന്ധിച്ച് ഈ വിജയം മറ്റൊരു തരത്തില്‍ കൂടി  വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യുപിയില്‍ ബന്ധശത്രുക്കളായ എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോള്‍ മോദി അമിത്ഷാ കൂട്ടുകെട്ടിന് പിടിച്ചുനില്‍ക്കാനായില്ല. ശക്തമായ പ്രതിപക്ഷ നേതൃനിര രാജ്യത്ത് വീണ്ടും ഉയര്‍ത്തെഴുന്നേറ്റാല്‍ മോദി പ്രഭാവത്തിനോ അമിത്ഷാ തന്ത്രങ്ങള്‍ക്കോ ആ കാറ്റിനെ പിടിച്ചുനിര്‍ത്താനാകില്ലെന്നത് വ്യക്തമാണ്. അതിന്റെ സൂചന തന്നെയാണ് ഗൊരഖ്പൂരും ഫുല്‍പൂരും നല്‍കുന്നത്.

2014 ല്‍ യോഗി ആദിത്യനാഥ് 3,12,783 വോട്ടുകള്‍ക്ക് വിജയിച്ച ഗോരഖ്പൂരില്‍ അപ്രതീക്ഷിതവിജയമാണ് എസ്പി-ബിഎസ്പി സഖ്യം സ്വന്തമാക്കിയത്. 1989 മുതല്‍ ബിജെപിക്കൊപ്പം മാത്രം നിന്നിരുന്ന ഗോരഖ്പൂരാണ് ഇന്ന് മാറി ചിന്തിച്ചിരിക്കുന്നത്. 1989, 91, 96 വര്‍ഷങ്ങളില്‍ അദ്വൈത് നാഥും തുടര്‍ന്നുള്ള അഞ്ച് തവണ യോഗി ആദിത്യനാഥും ആയിരുന്നു ഗോരഖ്പൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ ബിജെപിയ്ക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്. സിറ്റിംഗ് സീറ്റില്‍ ബിജെപി വന്‍തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്രപ്രതാപ് സിംഗ് പാട്ടീല്‍ ബിജെപിയുടെ കുശലേന്ദ്ര സിംഗ് പാട്ടിലിനെ 59, 613 വോട്ടുകള്‍ക്കാണ് തറപറ്റിച്ചത്.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്

ഉത്തര്‍പ്രദേശിലേതുപോലെതന്നെ രാജ്യം ഉറ്റുനോക്കിയ വിധിയായിരുന്നു ബിഹാറിലേത്.  ബിഹാറിനെ സംബന്ധിച്ച് നിതീഷിന് കൂട്ടുപിടിച്ചിട്ടും ആര്‍ജെഡിയുടെ കോട്ടയെ തകര്‍ക്കാനായില്ലെന്നതും ബിജെപിയ്ക്ക് വെല്ലുവിളി തന്നെയാണ്. അഴിമതികേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ അഴിക്കുള്ളിലാക്കിയിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല.

സംസ്ഥാനത്ത് അരാരിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ജഹനാബാദ്, ഭാബുവ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അരാരിയയിലും ജഹനാബാദിലും തോല്‍വി നേരിട്ട ബിജെപി-ജെഡിയു സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ് ഭാബുവയിലെ വിജയം. ആര്‍ജെഡിയുമായുള്ള മഹാസഖ്യം വിട്ട് കഴിഞ്ഞ വര്‍ഷമാണ് നിതീഷ് കുമാര്‍ ബിജെപി പാളയത്തിലെത്തിയത്.

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുന്നേറ്റവും ഉത്തര്‍പ്രദേശിലെ പരാജയവും കൊണ്ടാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ദക്ഷിണേന്ത്യ ബിജെപിയെ സംബന്ധിച്ച് എളിപ്പമാകില്ല. ആന്ധ്രപ്രദേശില്‍ ചന്ദ്രബാബുനായിഡുവും ബിജെപിയും തമ്മിലുള്ള ഭിന്നത പല അവസരങ്ങളിലും പരസ്യമായി തന്നെ പുറത്തുവന്നതാണ്.

കര്‍ണാടകയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സിദ്ധാരാമയ്യ സര്‍ക്കാര്‍ ബിജെപിയ്ക്ക് വെല്ലുവിളി തന്നെയാണ്. തമിഴ്‌നാട്ടില്‍ എഐഡിഎംകെയെ കൂട്ടുപിടിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേരളത്തെ സംബന്ധിച്ച് വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് സംസ്ഥാനത്ത് നിലയുറപ്പിക്കാനാകുമോ എന്നത് വ്യക്തമാകും.

DONT MISS
Top