2018 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടീം

ദില്ലി: 2018 കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സംഘത്തെ സ്‌ട്രൈക്കര്‍ റാണി നയിക്കും. ഗോള്‍കീപ്പര്‍ സവിതയാണ് വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ നാലിനാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്.

മലേഷ്യ, വെയില്‍സ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കൊപ്പം പൂള്‍ എയിലാണ് ഇന്ത്യ. വെയില്‍സിനെതിരെ ഏപ്രില്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. സൗത്ത് കൊറിയന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്ന വിക്കറ്റ് കീപ്പര്‍ സവിത മടങ്ങിയെത്തുന്നത് ടീമിന് കരുത്തേകും.

കൊറിയയില്‍ വെച്ചുനടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇറങ്ങുന്നത്. ‘കുറേ നാളുകളായി ഒരേ സംഘം തന്നെയാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്, അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ മികച്ച കൂട്ടുകെട്ട് രൂപപ്പെടാന്‍ അത് സഹായിച്ചിട്ടുണ്ട്. 2017 ഏഷ്യാകപ്പ് മുതല്‍ ഇത് പ്രകടവുമാണ്’, പരിശീലകന്‍ ഹരേന്ദ്ര സിംഗ് വ്യക്തമാക്കി.

‘ദക്ഷിണ കൊറിയക്കെതിരായ ടീമിന്റെ പ്രകടനം മികച്ചതായിരുന്നു. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സംഘത്തിനെതിരെയാണ് വിജയവും. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് പരിഹരിക്കും’. അനുഭവസമ്പത്തുള്ള ഗോള്‍കീപ്പര്‍ സവിത തിരിച്ചെത്തുന്നതിലും പരിശീലകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗോള്‍കീപ്പിംഗ് പരിശീലന കോഴ്‌സിനായി നിലവില്‍ ഒമാനിലാണ് സവിത. ‘രാജ്യത്തിന് വേണ്ടി 200 ഓളം മത്സരങ്ങളില്‍ കളിച്ച സവിതയുടെ സാന്നിധ്യവും അനുഭവ സമ്പത്തും ടീമിന് ഏറെ ഗുണം ചെയ്യും’, ഹരേന്ദ്ര കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കൊറിയക്കെതിരായ പരമ്പര വിജയം ആത്മവിശ്വാസം നല്‍കുന്നുവെന്ന് ക്യാപ്റ്റന്‍ റാണിയും പറഞ്ഞു. ‘പരിചയ സമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ് ഞങ്ങളുടേത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ ‘, റാണി കൂട്ടിച്ചേര്‍ത്തു. 2002 ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് മെഡലും 2006ല്‍ സില്‍വര്‍ മെഡലും സ്വന്തമാക്കിയിരുന്നു. ലോകറാംങ്കിംഗില്‍ നിലവില്‍ 10-ാമതാണ് ടീം.

ഏഷ്യാകപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പര്യടനമായിരുന്നു കൊറിയയിലേത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പുള്ള പരിശീലന മത്സരമാണ് കൊറിയന്‍ പര്യടനമെന്ന് നേരത്തെ പരിശീലകന്‍ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യ ഏഷ്യന്‍ കപ്പ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ടത്. ഫെനലില്‍ അയല്‍ക്കാരും ചിരവൈരികളുമായ ചൈനയെ സഡന്‍ ഡെത്തില്‍ (54) തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 2004 ലായിരുന്നു ആദ്യമായി ഇന്ത്യയുടെ പെണ്‍പട ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്. കിരീടവിജയത്തോടെ 2018 ലെ ലണ്ടന്‍ ലോകകപ്പിലേക്ക് യോഗ്യത നേടാനും ഇന്ത്യക്ക് സാധിച്ചു.

ടീം- റാണി (ക്യാപ്റ്റന്‍), സവിത (ഗോള്‍കീപ്പര്‍), ദീപിക, സുനിത ലാക്‌റ, ദീപ് ഗ്രെയ്‌സ് എക്ക, ഗുര്‍ജിത് കൗര്‍, സുശീല, മോണിക, നമിത, നിക്കി പ്രദാന്‍, നേഹ ഗോയല്‍, ലിലിമ മിന്‍സ്, വന്ദന, നവജോത് കൗര്‍, നവനീത് കൗര്‍, പൂനം റാണി.

DONT MISS
Top