ഭൂമിവിവാദം: കര്‍ദിനാളിനെതിരെ കേസ് എടുക്കാന്‍ വൈകിയതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് കെമാല്‍ പാഷയാണ് പൊലീസ് നടപടിയെ വിമര്‍ശിച്ചത്. കേസ് എടുക്കാന്‍ വൈകിയതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേസെടുക്കാന്‍ വൈകിയതിനെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്.

കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന കോടതി ഉത്തരവിന് ശേഷവും സര്‍ക്കാര്‍ നിയമോപദേശം തേടിയതില്‍ ജസ്റ്റിസ് കെമാല്‍ പാഷ അതൃപ്തി പ്രകടിപ്പിച്ചു. ഉത്തരവില്‍ എല്ലാം വ്യക്തമായിരുന്നിട്ടും ആരുടെ നിര്‍ദേശപ്രകാരമാണ് നിയമോപദേശം തേടിയതെന്ന് കോടതി ആരാഞ്ഞു. ഭൂമി ഇടപാടില്‍ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാര്‍ച്ച് ആറിന് ജസ്റ്റിസ് കെമാല്‍ പാഷയാണ് കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ നിയമോപദേശം തേടുകയാണ് പൊലീസ് ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് 12 ന് ഡിജിപിയില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

DONT MISS
Top