ആത്മഹത്യ ചെയ്തുവെന്ന് ധരിപ്പിച്ച് തിരോധാനം ചെയ്ത യുവാവിനെ വനത്തില്‍ കണ്ടെത്തി

അനീഷ്

കൊല്ലം: ആത്മഹത്യ ചെയ്തുവെന്ന് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച യുവാവിനെ 24 മണിക്കൂറിനുശേഷം വനത്തില്‍ നിന്ന് പിടികൂടി. തെന്മലയിലാണ് സംഭവം. തെന്മല റിയ എസ്റ്റേറ്റിലെ അനീഷാണ് ആത്മഹത്യാക്കഥയിലെ നായകന്‍.

ബന്ധുക്കളെയും നാട്ടുകാരേയും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള അധികൃതരേയും കബളിപ്പിച്ചാണ് അനീഷ് വനത്തില്‍ ഒളിച്ചിരുന്നത്.

ഞായറാഴ്ച പകല്‍ 11 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ട് തവണ പോക്‌സോ നിയമപ്രകാരം ജയിലില് കിടന്നയാളാണ് അനീഷ്. തെന്മല മണ്ണന്തറയില്‍ ആറ്റില്‍ച്ചാടി അനീഷ് ജീവനൊടുക്കിയെന്നാണ് നാട്ടില്‍ വാര്‍ത്ത പരന്നത്. തന്നെ ആരും അന്വേഷിക്കേണ്ടെന്നും താന്‍ പോകുകയാണെന്നും സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷം അനീഷ് ഫോണ്‍ കട്ട് ചെയ്തു.

അന്വീഷിനെ തിരക്കിയിറങ്ങിയ സുഹൃത്തുക്കള്‍ അറ്റിന്‍കരയില്‍ ഇയാളുടെ ചെരിപ്പും ഫോണും ബൈക്കിന്റെ താക്കോലും കണ്ടെത്തി. ഇതേതുടര്‍ന്നാണ് അനീഷ് ആറ്റില്‍ച്ചാടി മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. താന്‍ മരിക്കാന്‍ പോകുകയാണ് എന്ന് കാമുകിക്ക് അനീഷ് സന്ദേശവും അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതാണെന്ന സംശയം ബലപ്പെടാന്‍ കാരണം.

ഇതേതുടര്‍ന്ന് നാട്ടുകാരും പുനലൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും പുഴയില്‍ ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ പുഴയില്‍ ഇവിടെ നല്ല ആഴമുള്ളത് തെരച്ചില്‍ ദുഷ്‌കരമാക്കി.

തുടര്‍ന്ന് വൈകുന്നേരം നാലുമണിയോടെ കൊല്ലത്ത് നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി തെരച്ചില്‍ ആരംഭിച്ചു. വൈകുന്നേരം ആറുമണിയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ തെരച്ചില്‍ ആരംഭിക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി അനീഷിനെ തെന്മല പൊലീസ് സ്റ്റേഷന് പിന്നിലുള്ള മലയില്‍ കണ്ടതായി വാര്‍ത്തകള്‍ വരുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് 12 മണിയോടെ അനീഷ് സുഹൃത്തുക്കള്‍ക്കൊപ്പം തെന്മല പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

ബന്ധുക്കളുടെ പരാതിയില്‍ ആളെ കാണാതായതിന് കേസെടുത്ത പൊലീസ്, അനീഷിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അത്യാഹിത സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇടയാക്കിയതിന് അനീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

DONT MISS
Top